കോതമംഗലം : ഇടമലയാറില്‍ -പൂയം കുട്ടി വനമേഖലയില്‍ കടുവയും ആനയും ചത്തനിലയില്‍ . പരസ്പരം ഏറ്റുമുട്ടിയതാണെന്നാണ് നിഗമനം. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലുകിലോമീറ്ററോളം ദൂരത്ത് കൊലുത്തിപ്പെട്ടി ഭാഗത്ത് പുല്‍മേടിലാണ് ആനയും കടുവയും ചത്തുകിടക്കുന്നതായി കണ്ടെത്തിയത്. 2021 ഓഗസ്റ്റ് 25 ബുധനാഴ്ച ബീറ്റിനുപോയ വനപാലകരാണ് ജഡം കണ്ടത്.
കടുവയ്ക്ക 7 വയസ് പ്രായം വരും. ആനക്ക് 15 വയസും .മോഴയിനത്തില് പെട്ടതാണ് ആന. ജഡങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന് വംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് 26ന് രാവിലെ മലയറ്റൂര്‍ ഡിഎഫ്ഒ രവികുമാര്‍ മീണയുടെ നേതൃത്വത്തില്‍ വനപാലകരും വെറ്റിനറി ഡോക്ടര്‍മാരായ ഡേവിഡ് , അനുമോദ് എന്നിവരും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോര്‍ട്ടം നടത്തും.
ആനയും കടുവയും ഏറ്റുമുട്ടുന്നത് അപൂര്‍വമാണെങ്കിലും, മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് സൈലന്റ് വാലി വനപ്രദേശത്ത് സമാനമായ ആക്രമണം ക്യാമറയില്‍ പതിഞ്ഞിരുന്നു. ആനകളെ ആക്രമിക്കാന്‍ മുതിരുന്ന ഏകമൃഗം കടുവയാണ്. കടുവകള്‍ മുതിര്‍ന്ന ആനകളെ അക്രമിക്കില്ല. എന്നാല്‍ കുട്ടിയാനകളെ പിന്തുടരാറുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

