പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം: സോണിയാ ഗാന്ധിയെ കാണാന്‍ 32 എംഎല്‍എമാര്‍

ചണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരേ വീണ്ടും പടയൊരുക്കം. സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 32 പാര്‍ട്ടി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നതിന്റെ പിന്നാലെ നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയവും ചോദിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ബജ്വയ്ക്കു പുറമെ സുഖ്ജിന്‍ഡര്‍ സിങ് രന്‍ധാവ, സുഖ്ബിന്ദര്‍ സിങ് സര്‍ക്കാരിയ തുടങ്ങിയ മന്ത്രിമാരും സോണിയെ കാണുന്ന പ്രതിനിധി സംഘത്തില്‍ ഉണ്ടാവും. യോഗത്തില്‍ പങ്കെടുത്ത നാല് മന്ത്രിമാരും മറ്റ് രണ്ട് മന്ത്രിമാരും സിദ്ദു പക്ഷക്കാരായി അറിയിപ്പെടുന്ന ജനറല്‍ സെക്രട്ടറി പര്‍ഗത് സിങ്ങുമൊത്ത് പഞ്ചാബ് കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് ഹരിഷ് റാവത്തിനെ അദ്ദേഹത്തിന്റെ ഡറാഡൂണിലെ ഓഫിസ് സന്ദര്‍ശിക്കാനിരിക്കുകയാണ്. കോണ്‍ഗ്രസ് നേതവ് നവ്ജ്യോത് സിങ് സിദ്ദുവുമായി ബന്ധപ്പെട്ട പ്രശ്നം രമ്യമായി പരിഹരിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് പഞ്ചാബ് കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹം ആരംഭിച്ചിരിക്കുന്നത്.അമരീന്ദര്‍സിങ്ങില്‍ തങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് എംഎല്‍എമാരുടെ പരാതി. നാല് മന്ത്രിമാരും ഇവരുടെ കൂടെയുണ്ട്. പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്സിന് ആകെ 80 എംഎല്‍എമാരാണ് ഉള്ളത്.പുതുതായി നേതൃത്വത്തില്‍ നിയമിക്കപ്പെട്ട സിദ്ദുവും മറ്റ് നാല് വര്‍ക്കിങ് പ്രസിഡന്റുമാരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കാബിനറ്റ് മന്ത്രി ത്രിപാട് രജിന്ദര്‍ സിങ് ബജ്വായുടെ ഔദ്യോഗികവസതിയിലായിരുന്നു യോഗം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →