ദില്ലി: ദില്ലിയില്‍ രണ്ട് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബി ബാഗ് പ്രദേശത്താണ് ക്രൂരമായ കൊലപാതകം നടന്നത്. 24 കാരിയായ യമുനയാണ് തന്‍റെ സഹോദരന്‍റെ മകനായ രണ്ടുവയുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
യമുനയുടെ ഭര്‍ത്താവ് രാജേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. യമുനയും ഭർത്താവ് രാജേഷും തെരുവുകളിൽ ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്നവരാണ്.
കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് യമുനയെയും ഭര്‍ത്താവ് രാജേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്താവുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏറനേരത്തെ തിരച്ചിനൊടുവിലാണ് അഴുക്കുചാലില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.