ലഖ്നൗ: ഗുണ്ടാ നേതാവ് വികാസ് ദുബെയുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കാണ്‍പുര്‍ പോലീസിനു ജുഡീഷ്യല്‍ കമ്മിഷന്റെ ക്ലീന്‍ ചിറ്റ്.
കാണ്‍പുരിലേക്കു കൊണ്ടുവരുന്നതിനിടെ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.യാത്രാമധ്യേ വാഹനം മറിഞ്ഞെന്നും പോലീസിന്റെ തോക്ക് തട്ടിയെടുത്ത് നിറയൊഴിച്ച ദുബെയെ ഏറ്റുമുട്ടലില്‍ വധിച്ചെന്നുമാണു പോലീസിന്റെ വിശദീകരണം. പോലീസിന്റെ വാദം ഖണ്ഡിക്കുന്ന യാതൊരു തെളിവും ലഭിച്ചില്ലെന്നും അവരുടെ വിശദീകരണം അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയാണു പോലീസിനെ ആരോപണമുക്തരാക്കിയത്.
അതേസമയം, ദുബെയുടെ വീട് റെയ്ഡ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരേ ആസൂത്രിതമായ ആക്രമണമുണ്ടായ സംഭവത്തില്‍ ഗുണ്ടാസംഘവും ലോക്കല്‍ പോലീസും ഒത്തുകളിച്ചെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നു മുന്‍ ജഡ്ജി ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ അധ്യക്ഷനായ കമ്മിഷന്‍ ശിപാര്‍ശ ചെയ്തു.

