കോഴിക്കോട്: എം.എസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇൻസ്‌പെക്ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്‌പെക്ടർ അനിതാകുമാരിയാണ് കേസ് അന്വേഷിക്കുക. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
യുവതിയോട് ലൈംഗിക ചുവയുള്ള സംസാരം നടത്തി എന്നതാണ് കേസ് എന്നത് കൊണ്ടാണ് വനിത ഉദ്യോഗസ്ഥയെ തന്നെ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചത്. കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവിടെ വനിത ഇൻസ്‌പെക്ടർ ഇല്ലാത്തതിനാലാണ് ചെമ്മങ്ങാട് സ്റ്റേഷനിലെ ഇൻസ്‌പെക്ടർക്ക് കേസ് കൈമാറിയത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്.
അതേസമയം എം.എസ്.എഫിലെയും ഹരിതയിലേയും നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലിയാണ് എന്ന് ആരോപിച്ച് ഒരു വിഭാഗം എം.എസ്.എഫ് ഭാരവാഹികൾ രംഗത്തെത്തി. അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇവർ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകി. കഴിഞ്ഞ ഒരു വർഷമായി എം.എസ്.എഫ് പ്രസിഡന്റിനെയും ഭാരവാഹികളെയും അഷ്റഫലി വേട്ടയാടുകയാണെന്ന് പരാതിയിൽ പറയുന്നു.