ഓട്ടോകൾക്ക് ഓണസമ്മാനം 300 രൂപയുടെ ഇന്ധനം

പുത്തൂർ: കോവിഡ് മഹാമാരിക്കിടെ മാവേലി നാട് പുനഃസൃഷ്ടിക്കുക സാധ്യമല്ലായിരിക്കാം പക്ഷേ കാരുണ്യത്തിൻ്റെ ഉറവകളെ പുനരുജ്ജീവിപ്പിക്കാം, ഇത് തെളിയിക്കുകയാണ് പുത്തൂർ കേന്ദ്രമായ കനിവ് സൗഹൃദക്കൂട്ടായ്മ. പ്രതിസന്ധിയെ തുടർന്ന് നിത്യച്ചെലവിന് പോലും വഴിമുട്ടിയ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് 300 രൂപയുടെ ഇന്ധനം സൗജന്യമായി നൽകുകയാണ് ‘കനിവ് ‘.

‘സ്നേഹത്തുള്ളികൾ ’എന്ന ഈ പദ്ധതിയുമായാണ് സൗഹൃദക്കൂട്ടായ്മയുടെ ഇത്തവണത്തെ ഓണാഘോഷം.

പുത്തൂർ ചന്തമുക്ക്, മണ്ഡപം സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾക്കാണു സൗജന്യമായി ഇന്ധനം നൽകുക.

ഈ പദ്ധതിയിൽ ഇരുനൂറോളം ഓട്ടോറിക്ഷകൾ ഇതിനകം റജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇന്ധനം സ്വീകരിക്കുന്ന ഓട്ടോറിക്ഷകൾ ഒരു ദിവസം തങ്ങളുടെ ഓട്ടോയിൽ കയറുന്ന 2 യാത്രക്കാർക്ക് 50 രൂപ വീതം യാത്രക്കൂലിയിൽ ഇളവു നൽകണമെന്നും നിബന്ധനയുണ്ട്.

പദ്ധതിയിൽ പങ്കാളികളാകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും യാത്രികരുടെയും പേരുകൾ നറുക്കിട്ടെടുക്കും. ഇരു വിഭാഗത്തിലും ഓരോരുത്തർ‍ക്ക് ഓണസമ്മാനം നൽകുമെന്നും കനിവിന്റെ ഭാരവാഹികൾ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →