തിരുവനന്തപുരം: ഗർഭിണികൾക്കും, ഗുരുതര അസുഖങ്ങൾ ഉള്ളവർക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. സിറിഞ്ച് ക്ഷാമം ഉണ്ടാവാതിരിക്കാനും ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ 18/08/21 ബുധനാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.
അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ് റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച 124 പേർക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിർദ്ദേശം നൽകി. ആറന്മുള വള്ളംകളിക്ക് കഴിഞ്ഞ തവണ നൽകിയ ഇളവ് മാത്രം അനുവദിക്കാനും കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.