സുരേഷ് ഗോപിയെ കുറിച്ചുള്ള ആരോപണം തിരുത്തി ജോമോൾ ജോസഫ്

രാജ്യസഭ എം പി യും മലയാളത്തിന്റെ പ്രിയ നടനുമായ സുരേഷ് ഗോപിക്ക് നേരെ ഗുരുതര ആരോപണമുന്നയിച്ച് എത്തിയ ആക്ടിവിസ്റ്റ് ജോമോൾ ജോസഫ് തന്റെ ആരോപണം തിരുത്തി സുരേഷ്ഗോപിയെ പിന്തുണച്ചുകൊണ്ട് വീണ്ടും എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് അവർ അഭിപ്രായപ്രകടനം നടത്തിയത്. സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ തിരുത്തിയില്ലെങ്കിൽ അത് നീതികേടാകും എന്ന് തുടങ്ങുന്ന കുറിപ്പുകളാണ് മുൻപ് പറഞ്ഞ ആരോപണങ്ങൾ ജോമോൾ തിരുത്താൻ ഉണ്ടായ കാരണം.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ..

സുരേഷ് ഗോപി യെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലെങ്കിൽ നീതി കേടാകും.
ജൂലൈ 31 ന് വൈകുന്നേരമാണ് ഞങ്ങളുടെ കൂടപ്പിറപ്പായ സുഹൃത്തിന് പഞ്ചാബിൽ വച്ച് അപകടം ഉണ്ടാകുന്നത്. അന്നു രാത്രിയിൽ തന്നെ പലരും ഞങ്ങൾക്ക് മെസ്സേജ് അയച്ചിരുന്നുവെങ്കിലും മെസഞ്ചർ സ്ഥിരമായി നോക്കാറില്ലാത്തതിനാൽ ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ മാത്രമാണ് ഞങ്ങൾ വിവരം അറിയുന്നത്.

ആദ്യം തന്നെ പഞ്ചാബിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഞങ്ങളുടെ കോമൺ സുഹൃത്ത് അഭിജിത്ത് ശ്രീകുമാറിനെ വിളിക്കുകയും അദ്ദേഹം 100 കിലോമീറ്റർ മാത്രം ദൂരത്തിൽ ഉണ്ട് എന്നും രാവിലെ 9 മണിക്ക് ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയാൽ നേരെ ഹോസ്പിറ്റലിലേക്ക് പോകുമെന്നും അറിയിച്ചു.

അൺനോൺ പേഷ്യന്റ് ആയി അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തിയ സുഹൃത്തിന് മികച്ച ചികിത്സ ഉറപ്പുവരുത്തുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. അതിനായി ആരെ ഇടപെടീക്കും എന്ന ചിന്ത ഞങ്ങളെ കൊണ്ടു ചെന്നെത്തിച്ചത് ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസിലേക്കും രാജ്യസഭാ എംപിയായ സുരേഷ് ഗോപിയിലേക്കുമായിരുന്നു.

മുഹമ്മദ് റിയാസിനെ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ സ്റ്റാഫിൽ ഉള്ള രഞ്ജിത്തിനെ ബന്ധപ്പെടുകയും ഓഫീസിൽ നിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ ഇടയ്ക്കിടെ നമ്പർ മാറ്റുന്ന സുരേഷ് ഗോപിയുടെ നമ്പർ കണ്ടെത്തുകയായിരുന്നു ഏറെ ശ്രമകരം. അമ്മ ഭാരവാഹികൾക്ക് പോലും പുതിയ നമ്പർ അറിയില്ലായിരുന്നു. പലരെയും ബന്ധപ്പെട്ടു. അവസാനം ഒരു മാധ്യമപ്രവർത്തക നിൽ നിന്നാണ് അദ്ദേഹത്തിൻറെ നമ്പർ ലഭിച്ചത്.

പല സമയങ്ങളിലായി പലതവണ വിളിച്ചിട്ടും അതും അദ്ദേഹം ഫോൺ എടുക്കാതെ വന്നപ്പോൾ ആ നമ്പറിലേക്ക് വാട്സപ്പ് മെസ്സേജ് ആയി കാര്യങ്ങൾ അറിയിച്ചു. 10 മിനിറ്റിനുള്ളിൽ അദ്ദേഹം മെസ്സേജ് റീഡ് ചെയ്തുവെങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം യാതൊരു ഇടപെടലും നടത്തിയില്ല എന്ന് അദ്ദേഹത്തിനെതിരെ എനിക്ക് പോസ്റ്റ് ഇടേണ്ടി വന്നത്.

എന്നാൽ മൂന്നാം ദിവസം മുതൽ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും മുരളി ചേട്ടൻ ഞങ്ങളെ ബന്ധപ്പെടാനും ഹോസ്പിറ്റലിലെ കാര്യങ്ങൾ ഞങ്ങളെ അപ്ഡേറ്റ് ചെയ്യാനും തുടങ്ങി. ഞങ്ങളുടെ സുഹൃത്തിന്റെ ജീവന് യാതൊരു അപകടവുമില്ല. അപകടനില തരണം ചെയ്തു എന്ന് ഹോസ്പിറ്റലുകാർ ഔദ്യോഗികമായി എംപി ആയ സുരേഷ് ഗോപിക്ക് ഇ-മെയിൽ അയച്ച വിവരവും ഞങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതുവരെ അദ്ദേഹത്തിന്റെ ഓഫീസിലെ മുരളി ചേട്ടൻ ഒരു വിളിപ്പുറത്ത് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇതിനുമുൻപും ദേശീയ നേതാക്കളിൽ നിന്ന് ഞങ്ങൾ സഹായം തേടുകയും അവർ ഞങ്ങളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

2016/17 ൽ ആണ് ഞങ്ങളുടെ സുഹൃത്തിന്റെ പെങ്ങളുടെ മകൻ എറണാകുളത്തു നിന്നും ഹിമാലയത്തിലേക്ക് ബുള്ളറ്റ് റൈഡ് പോകുന്നത്. ദില്ലിയിൽനിന്നും ഹിമാലയത്തിലേക്ക് പുറപ്പെട്ട് കാശ്മീർ മഞ്ഞുമലകളിലൂടെ അയാൾ യാത്ര ചെയ്യുമ്പോഴാണ് കൊച്ചിയിലെ വീട്ടിൽ വച്ച് അറ്റാക്ക് വന്ന് അയാളുടെ പിതാവ് മരണപ്പെടുന്നത്. അയാളെയോ കൂടെയുള്ളവരെ യോ മൊബൈലിൽ ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ അയാളുടെ ബന്ധുക്കൾ ഞങ്ങളെ വിവരമറിയിക്കുകയായിരുന്നു.

അയാൾ ഉള്ള സ്ഥലം കാശ്മീർ ആയതുകൊണ്ട് ആദ്യം മനസ്സിലേക്ക് എത്തിയ പേര് മേജർ രവിയുടെതായിരുന്നു. അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ചു. അടുത്തതായി ഞങ്ങൾ ബന്ധപ്പെട്ടത് ബിജെപി കേരള അധ്യക്ഷനായ കുമ്മനം രാജശേഖരൻ ആണ്. ഇവർ രണ്ടുപേരും ഇടപെടൽ നടത്തിയെങ്കിലും കൃത്യമായി വ്യക്തിയെ കണ്ടെത്താൻ താമസം വന്ന സാഹചര്യത്തിലാണ് എംപി ആയ എംബി രാജേഷിനെ ഞങ്ങൾ ബന്ധപ്പെടുന്നത്. രാജേഷുമായി സംസാരിച്ചപ്പോൾ കാശ്മീരിലെ യുവജന സംഘടന നേതാവിന്റ നമ്പർ തരികയും അദ്ദേഹത്തെ രാജേഷ് നേരിട്ട് വിളിച്ച് പറയുകയും ഞങ്ങളോട് നേരിട്ട് വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വാട്സ്ആപ്പും സോഷ്യൽ മീഡിയായും ബാൻ ആയ കാശ്മീരിൽ ഇമെയിൽ മാത്രമാണ് പോംവഴി എന്ന് പറഞ്ഞ് അദ്ദേഹം ഇമെയിൽ ഐഡിയിലേക്ക് ഡീറ്റെയിൽസ് അയച്ച് കൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. അതിലൂടെ കണ്ടെത്തേണ്ട ആളുടെ പേരും ഫോട്ടോയും ബാക്കി സീറ്റെയിൽസുമെല്ലാം ഞങ്ങൾ ഇമെയിൽ ചെയ്തു.

അവർ ബൈക്ക് റൈഡ് പോയ റൂട്ട് അദ്ദേഹം കണ്ടെത്തുകയും അയാളുടെ ഫോട്ടോ A4 ഷീറ്റിൽ പ്രിൻറ് ചെയ്തതുമായി ഓരോ പോസ്റ്റിലും യുവജന സംഘടനാ പ്രവർത്തകരെ നിർത്തുകയും രണ്ടു മണിക്കൂറിനുള്ളിൽ പ്രവർത്തകർക്ക് ആളെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. അങ്ങനെ രാത്രി 10 മണിയോടെ ആളെ നേതാവിന്റെ അടുത്തെത്തിക്കുകയും അദ്ദേഹം തന്നെ സ്വന്തം പണമെടുത്തു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു രാവിലത്തെ ഫ്ലൈറ്റിൽ അയാളെ കൊച്ചിക്ക് കയറ്റി വിടുകയും ചെയ്തു. അങ്ങിനെ അയാൾക്ക് അയാളുടെ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.

ഇനിയും ആളുകൾക്ക് ആവശ്യം വന്നാൽ ഏതു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണെന്ന് നോക്കാതെ ആ വിഷയത്തിൽ ഇടപെടൽ നടത്താൻ കഴിയുന്ന ആൾ എന്ന് ഞങ്ങൾക്ക് ബോധ്യമുള്ള വരെ ഞങ്ങൾ ബന്ധപ്പെടും. ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയോ വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയോ ആയിരിക്കില്ല ഇത്തരത്തിലുള്ള ഒരു ഫോൺകോൾ പോലും. രാഷ്ട്രീയം എന്നത് ജനങ്ങൾക്ക് വേണ്ടിയും നാടിനു വേണ്ടിയും ആണ് എന്ന് ഉത്തമബോധ്യം ഉള്ളിടത്തോളം കാലം ഞങ്ങളുടെ ഈ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാവില്ല.

Note : സുരേഷ് ഗോപിയുടെ ഇടപെടൽ മൂലം മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല ഐസിയു വെന്റിലേറ്റർ ചാർജുകളിൽ നല്ല ഇളവ് ലഭിക്കാനും സുരേഷ് ഗോപി എന്ന നല്ല മനുഷ്യന്റെ ഇടപെടൽ മൂലം സാധിച്ചു എന്നറിയുമ്പോൾ വലിയ സന്തോഷം. കേവലം ഒരു നന്ദി വാക്കുകളിൽ ഒതുക്കി സുരേഷ് ഗോപിയുടെ ഇടപെടലിനെ ചെറുതാക്കി കാണിക്കുന്നില്ല. അദ്ദേഹത്തെ ഞങ്ങൾ ഞങ്ങളുടെ മനസിനോട് ചേർക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →