ആലപ്പുഴ: ഓണമൂട്ടാന്‍ ഓണാട്ടുകര; 32 ടണ്‍ പച്ചക്കറികള്‍ കയറ്റി അയച്ചു

ആലപ്പുഴ: ഓണസദ്യ ഒരുക്കാനായി ഓണാട്ടുകരയിലെ പച്ചക്കറികള്‍ വിപണിയിലേക്ക് എത്തി തുടങ്ങി. രണ്ടു ദിവസങ്ങളിലായി 32 ടണ്‍ പച്ചക്കറികളാണ് ചാരുംമൂട് കാര്‍ഷിക ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും കയറ്റി അയച്ചത്. എത്തക്കായക്കാണ് ആവശ്യക്കാര്‍ ഏറെയും. 6.8 ടണ്‍ ഏത്തക്കായയാണ് ഇവിടെ നിന്നും കയറ്റി അയച്ചത്.

ചാരുംമൂട് ബ്ലോക്കിലെ നൂറനാട്, പാലമേല്‍ പഞ്ചായത്തുകളില്‍ നിന്നാണ് ഹോര്‍ട്ടികോര്‍പ്പിലേക്കും ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലേക്കും പച്ചക്കറികള്‍ കയറ്റി അയക്കുന്നത്. പാലമേല്‍ പഞ്ചായത്തില്‍ നിന്ന് രണ്ടു ദിവസങ്ങളിലായി 24 ടണ്‍ പച്ചക്കറിയും നൂറനാട് പഞ്ചായത്തില്‍ നിന്ന് എട്ട് ടണ്‍ പച്ചക്കറിയുമാണ് കയറ്റി അയച്ചത്. 6.8 ടണ്‍ ഏത്തക്കായ, 9 ടണ്‍ ചേന, 1050 കിലോ മത്തന്‍, 787 കിലോ പാവയ്ക്ക, രണ്ട് ടണ്‍ പടവലം, 1.5 ടണ്‍ വെള്ളരി, അഞ്ച് ടണ്‍ ചേമ്പ്, 2ടണ്‍ ഇഞ്ചി, 850 കിലോ കുമ്പളം, 750 കിലോ സാലഡ് വെള്ളരി എന്നിവയും സംഭരണം ചെയ്ത കയറ്റി അയച്ചു.

അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര ബ്ലോക്കുകളിലേക്കും ഹരിപ്പാട്, ആലപ്പുഴ ഹോര്‍ട്ടികോര്‍പ്പുകളിലേക്കും പള്ളിപ്പാട് കൃഷിഭവനിലേക്കും പത്തനംതിട്ട ജില്ലയിലെ കൃഷിഭവനുകളിലേക്കുമാണ് പച്ചക്കറികള്‍ കയറ്റി അയച്ചത്. കര്‍ഷകരില്‍ നിന്ന് വിപണി വിലയെക്കാള്‍ 10% അധികം നല്‍കി കൃഷിഭവനുകള്‍ വഴിയാണ് പച്ചക്കറികള്‍ സംഭരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് 30% വിലക്കുറവില്‍ പച്ചക്കറികള്‍ ലഭിക്കും. ഓണവിപണി ലക്ഷ്യമിട്ട് 120 ഹെക്ടര്‍ സ്ഥലത്താണ് ചാരുംമൂട് ബ്ലോക്കില്‍ കൃഷിയിറക്കിയത്. 

ഓണാട്ടുകരയിലെ നാടന്‍ പച്ചക്കറികള്‍ ന്യായ വിലയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒന്‍പത് ഓണച്ചന്തകളാണ് ചാരുംമൂട് ബ്ലോക്ക് പരിധിയില്‍ ആരംഭിച്ചത്. ചുനക്കര, ഭരണിക്കാവ്, വള്ളിക്കുന്നം പഞ്ചായത്തുകളില്‍ രണ്ട് വീതവും പാലമേല്‍, താമരക്കുളം, നൂറനാട് പഞ്ചായത്തുകളില്‍ ഒന്ന് വീതവുമാണ് ചന്തകള്‍ ആരംഭിച്ചത്. ചാരുംമൂട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രജനി, നൂറനാട് കൃഷി ഓഫീസര്‍ ആര്‍. അശ്വതി, പാലമേല്‍ കൃഷി ഓഫീസര്‍ പി. രാജശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് സംഭരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →