ആലപ്പുഴ: കായംകുളം തിരുവല്ല സംസ്ഥാനപാതയില്‍ കരിപ്പുഴ തോടിനു കുറുകെയുള്ള നിറയില്‍ മുക്ക് ജംഗ്ഷനേയും കായംകുളം മുട്ടം റോഡിനെയും ബന്ധിപ്പിക്കുന്ന കായംകുളം എരുവ കോയിക്കല്‍പടി പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും നിര്‍മ്മാണത്തിനായി 4.37 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
8.75 മീറ്റര്‍ വീതിയില്‍ 26 മീറ്റര്‍ നീളത്തില്‍ ഇരു വശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയോടെയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍) വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. നിലവിലെ ഒന്നര മീറ്റര്‍ വീതിയുള്ള ഈ പാലത്തിലൂടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുക. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഡ്വ.യു. പ്രതിഭ എം.എല്‍.എ.യുടെ ഇടപെടലിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പുതിയ പാലത്തിന് തുക വകയിരുത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ. അറിയിച്ചു.

