ആലപ്പുഴ : ആറാട്ടുപുഴ വേലായുധ പണിക്കർ ഗുരുദേവന്റെ ചിന്തകൾക്ക് പോലും വഴികാട്ടിയായ നവോത്ഥാന നായകൻ: കെ. വി സുധാകരൻ

ആലപ്പുഴ : ശ്രീ നാരായണ ഗുരുവിന്റെ നവോത്ഥാന ചിന്തകൾക്ക് പോലും വെളിച്ചമേകിയ നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധ പണിക്കരെന്നു സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ. വി. സുധാകരൻ പറഞ്ഞു. ആറാട്ടുപുഴയിൽ നടന്ന വേലായുധപ്പണിക്കർ അനുസ്മരണ പരിപാടിയിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വേലായുധ പണിക്കരുടെ പ്രവർത്തനങ്ങൾ ചരിത്രത്തിൽ വേണ്ട പ്രാധാന്യത്തോടെ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. വേലായുധ പണിക്കരുടേത് ഒറ്റയാൾ പോരാട്ടമായിരുന്നു. ശ്രീനാരായണ ഗുരുവിനേയും അയ്യങ്കാളിയെയും പോലെ ഒരു പ്രസ്ഥാനത്തിന് രൂപം കൊടുക്കാൻ കഴിയാത്തത് മൂലമാണ് വേലായുധ പണിക്കർ ചരിത്രത്തിൽ വേണ്ട വിധത്തിൽ രേഖപ്പെടുത്താതെ പോയത്. ചാന്നാർ ലഹളയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കായംകുളത്ത് വേലായുധ പണിക്കർ നടത്തിയ ഐതിഹാസികമായ ഏത്താപ്പ് സമരം പിന്നീടുള്ള നവോത്ഥാന പ്രവർത്തനങ്ങൾക്ക് ഏറെ പ്രചോദനം നൽകിയിട്ടുണ്ട്. കേരളത്തിലെ ആദ്യ കർഷക സമരത്തിന് നേതൃത്വം നൽകാനും വേലായുധ പണിക്കർക്ക് കഴിഞ്ഞു. എന്നാൽ ഇതൊന്നും ചരിത്രത്തിൽ വേണ്ട പ്രാധാന്യത്തോടെ പരാമർശിക്കപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം.

ഇപ്പോൾ പി. എസ്. എസി. പരീക്ഷാ ചോദ്യങ്ങളിലെ അച്ചിപ്പുടവ സമരത്തിന്റെ പേരിൽ മാത്രം അറിയപ്പെടേണ്ട നവോത്ഥാന നായകനല്ല വേലായുധ പണിക്കർ. പുതിയ തലമുറക്ക് ചരിത്രത്തിന്റെ പങ്കുവെക്കലിലൂടെ വേലായുധ പണിക്കരെ വേണ്ട പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ കഴിയണം. പാഠഭാഗങ്ങളിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പോരാട്ടങ്ങളും പ്രവർത്തനങ്ങളം വ്യാപിപ്പിക്കുകയാണ്  വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →