സാംസ്കാരിക വകുപ്പ് തയ്യാറാക്കുന്ന ‘മഴമിഴി’യുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. വെള്ളിനേഴി കലാഗ്രാമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി ചിത്രീകരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എം പരമേശ്വരൻ പരിപാടിയിൽ അധ്യക്ഷനായി. പത്ത് കലാരൂപങ്ങളുടെ രംഗാവതരണമാണ് വെള്ളിനേഴി കലാഗ്രാമത്തിലും പരിസരത്തും ചിത്രീകരിച്ചത്. കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണർവ്വും കൈത്താങ്ങുമേകാനാണ് മഴമിഴി ലക്ഷ്യമിടുന്നത്. സാംസ്കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിത കലാ അക്കാദമി, സംഗീത നാടക അക്കാദമി,ഗുരു ഗോപിനാഥ് നടന ഗ്രാമം, എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനാണ് മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. samskarikam.org ൽ രാത്രി ഏഴ് മുതൽ ഒമ്പത് വരെയാണ് വെബ്കാസ്റ്റിംഗ് നടക്കുക.
രംഗകലകളുടെ സവിശേഷമായ തനിമയും മികവും അറിയിച്ച ‘മഴമിഴി’യുടെ തൃശ്ശൂർ ജില്ലയിലെ ഒന്നാം ഘട്ട ചിത്രീകരണം കലാമണ്ഡലം കൂത്തമ്പലത്തിലും പഴയ കളരിയിലും നിളയോരത്തുമായാണ് നടന്നത്. തുടർന്ന് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും പരിസരത്തും വിവിധങ്ങളായ പത്തോളം കലാരൂപങ്ങളുടെ ചിത്രീകരണം നടത്തിയതിന് ശേഷമാണ് സംഘം പാലക്കാട് എത്തിച്ചേർന്നത്. പാലക്കാട് ജില്ലയിലെ ആദ്യ ഘട്ട ചിത്രീകരണത്തിൽ 15 ഓളം കലാരൂപങ്ങൾ തസ്രാക്ക് ഒ വി വിജയൻ സ്മാരകത്തിലും പരിസരത്തുമായി ചിത്രീകരിച്ചു. വിവിധ ജില്ലകളിൽ രണ്ട് വീതം കേന്ദ്രങ്ങളിലായി ആയിരത്തിഞ്ഞൂറോളം കലാകാരൻമാർ പരിപാടികൾ അവതരിപ്പിച്ച മഴമിഴി’യുടെ ചിത്രീകരണം തുടരുകയാണ്.
ഉദ്ഘാടന പരിപാടിയിൽ നാട്യഭൂഷണം കലാമണ്ഡലം കുട്ടൻ ആശാനെ ആദരിച്ചു. മഴമിഴിയുടെ ജനറൽ കൺവീനറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ, ഡി.ടി.പി. സി സെക്രട്ടറി കെജി അജീഷ്, കെ രാമൻകുട്ടി, ജലജ, വി രാമൻകുട്ടി മാഷ്, അജിത, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.

