എറണാകുളം: ദുർബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി പി. രാജീവ്

എറണാകുളം: സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും മത ന്യൂനപക്ഷങ്ങളുടെയും പദവിയും ജീവിതരീതിയും ഉയർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

ഇതിനായുള്ള തീരുമാനങ്ങളുടെയും ദൃഢനിശ്ചയങ്ങളുടെയും അതിന്റെ പ്രയോഗത്തിനുള്ള സമർപ്പണത്തിന്റെയും സന്ദർഭമാക്കി ഈ 75-ാം സ്വാതന്ത്ര്യ ദിനം മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോ തീരുമാനങ്ങളും ഏറ്റവും ദരിദ്രനും ദുർബലവുമായവന്റെ ജീവിതത്തിൽ എന്ത് മാറ്റമാണുണ്ടാക്കുകയെന്ന് ചിന്തിച്ച് പ്രവർത്തിക്കാനാണ് ഗാന്ധിജി ഉപദേശിച്ചത്. തുല്യതയിലേക്ക് ജനതയെ ഉയർത്തുകയാണ് രാജ്യത്തിന്റെ ഉത്തരവാദിത്തം.

എല്ലാ മനുഷ്യരുടെയും ജീവിത നിലവാരം ഉയർത്തുന്നതിന് മൂല്യവർധിത ഉത്പന്നങ്ങളിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ, സ്ത്രീ പദവി ഉയർത്താൻ, വി ജ്ഞാനാധിഷ്ഠിത സമൂഹം സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഭരണഘടനാ മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഒരു നവകേരള നിർമ്മിതിക്കാണ് കേരളം ശ്രമിക്കുന്നത്. 

ഇന്ത്യ എന്ന വികാരം, വൈവിധ്യങ്ങളുടെ സമ്പന്നത, തുല്യത എന്നീ തത്വങ്ങളെ മുറുകെപ്പിടിച്ച് മുന്നേറുകയാണ് ഈ കാലഘട്ടത്തിന്റെ ദൗത്യം.

സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഓർമ്മകളുടെ വീണ്ടെടുക്കലും നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വിലയിരുത്തലും ഇപ്പോൾ നാം എവിടെയെത്തി നിൽക്കുന്നു എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവിന്റെയും സന്ദർഭം കൂടിയാണ് ഈ സ്വാതന്ത്ര്യ ദിനം. 

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ വ്യത്യസ്ത ധാരകളിലൂടെ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരമാണ് ദേശീയ സങ്കൽപ്പം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യ എന്ന ആശയവും വികാരവും ശക്തിപ്പെടുത്തുന്നതിൽ സ്വാതന്ത്ര്യ സമരം നിസ്തുലമായ സംഭാവന നൽകി. നാനാത്വത്തിൽ ഏകത്വമെന്ന വൈവിധ്യങ്ങളുടെ സമ്പന്നതയെ കോർത്തിണക്കിയാണ് ഭരണ ഘടനയുടെ അടിത്തറയ്ക്ക് രൂപം നൽകിയിട്ടുള്ളത്. ഇന്ത്യയിലെ സംസ്ഥാനങ്ങളെയൊന്നാകെ വിളക്കിച്ചേർക്കുന്നത് ഫെഡറലിസം എന്ന അടിത്തറയ്ക്കുള്ളിൽ നിന്നാണ്. ഈ വൈവിധ്യങ്ങളെ കോർത്തിണക്കി ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിർത്തുന്നത് മതനിരപേക്ഷതയാണ്. വ്യത്യസ്ത ആചാരങ്ങളും ജീവിത രീതികളും ഭാഷകളും സംസ്കാരം, അനുഷ്ഠാനം, വസ്ത്രധാരണം ഇവയെല്ലാമുള്ള ജനതയെ തുല്യ പൗരന്മാരാക്കി നിലനിർത്തുന്നതിൽ മതനിരപേക്ഷത വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →