കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കമ്പനി സിഇഒ റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ റിനു മറിയം, തോമസ് ഡാനിയേല്‍ എന്നിവരെ ഈ മാസം 18 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.
തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ തോമസ് ഡാനിയേല്‍, മകളും ഡയറക്ടറുമായ റിനു മറിയം തോമസ് എന്നിവരെ ഈ മാസം 9നാണ് ഇഡി അറസ്റ്റുചെയ്തത്. നിക്ഷേപകരെ വഞ്ചിച്ച് രണ്ടായിരം കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കൊച്ചിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെ നിരവധി പരാതികളാണ് വിവിധയിടങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്ത പണം വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചതായാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.
തട്ടിപ്പ് സംബന്ധിച്ച് പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇഡിയും മാസങ്ങളായി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു. പ്രതികള്‍ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇഡി വിശദമായി പരിശോധിച്ചിരുന്നു.
റിനു മറിയത്തിന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യഹര്‍ജിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞു. ഇഡിയുടെ കസ്റ്റഡി അവശ്യം തള്ളിയ കോടതി പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയെലിനെറിമാന്‍ഡ് ചെയ്യുകയായിരുന്നു.