ന്യൂഡല്‍ഹി: കേന്ദ്രകാര്ഷികനിയമങ്ങള്ക്കെതിരേയുള്ള കര്ഷകപ്രതിഷേധത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷാംഗങ്ങള്‍ രാജ്യസഭയില്‍ മേശപ്പുറത്തുകയറി ബഹളം വയ്ക്കുകയും കറുത്തതുണി വീശുകയും ഫയലുകള്‍ വലിച്ചുകീറിയെറിയുകയും ചെയ്ത അനിഷ്ടസംഭവങ്ങള്‍ പരാമര്‍ശിക്കവേ വിതുമ്പി രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു. പാര്‍ലമെന്റിന്റെ ജനാധിപത്യത്തിന്റെ ക്ഷേത്രമെന്നും സഭയുടെ നടുത്തളത്തെ പരിശുദ്ധ ശ്രീകോവില്‍ എന്നും വിശേഷിപ്പിച്ച നായിഡു കഴിഞ്ഞദിവസം സഭയുടെ പവിത്രത നശിപ്പിച്ച രീതിയില്‍ താന്‍ ഖിന്നനാണെന്നു പറഞ്ഞു. ചിലര്‍ മേശപ്പുറത്ത് ഇരുന്നപ്പോള്‍ ഇത്തരത്തിലുള്ള അവഹേളനങ്ങള്‍ കൂടുതല്‍ ദൃശ്യമാകാന്‍ ചിലര്‍ മേശപ്പുറത്തു കയറി നില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നീട്, കഴിഞ്ഞദിവസം ഉറക്കമില്ലാത്ത രാത്രി പിന്നിട്ട തനിക്ക് തന്റെ വ്യഥ രേഖപ്പെടുത്താനും ഇത്തരം പ്രവര്‍ത്തികളെ അപലപിക്കാനും വാക്കുകളില്ല എന്നു പറഞ്ഞുകൊണ്ട് നായിഡു വിതുമ്പി. പിന്നീട് നീണ്ട മൗനത്തിനുശേഷം തുടര്‍ന്ന അദ്ദേഹം, ഈ വിശുദ്ധസഭയെ ഈ നിലവാരത്തിലേക്കു താഴ്ത്താന്‍ ഇടയാക്കിയ പ്രകോപനംകണ്ടെത്തുന്നതില് താന്‍ പരാജയപ്പെട്ടുവെന്നും കുട്ടിച്ചേര്‍ത്തു.
കാര്‍ഷികനിയമങ്ങള്‍ കഴിഞ്ഞദിവസം സഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ പ്രതിപക്ഷത്തിന് തങ്ങളുടെ എതിര്‍പ്പുകള്‍ രേഖപ്പെടുത്തുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആകായിരുന്നു എന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ഇതോടെ പ്രതിഷേധവുമായി എണീറ്റ പ്രതിപക്ഷംഗങ്ങള്‍ സഭാധ്യക്ഷന് നിഷ്പക്ഷനായിരിക്കേണ്ടതിനു പകരം സര്‍ക്കാരിനുവേണ്ടി സംസാരിക്കുകയാണെന്ന് ആരോപിച്ചു. അതേസമയം, അംഗങ്ങള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയം പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തേക്കും.

