കൊല്ലം : ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങളെ കണ്ണൂരില്‍ അറസ്‌റ്റ് ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ പോലീസിനെ അസഭ്യം പറഞ്ഞ ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം രാമന്‍കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചുവിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. 28 കാരനായ ഇയാള്‍ ‘പൊളിസാനം ‘ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ആളാണ്. രൂക്ഷമായ അസഭ്യങ്ങള്‍ നിറഞ്ഞ പ്രയോഗങ്ങളാണ് ഇയാള്‍ പോലീസിനുനേരെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെയും നടത്തിയത്. ഇ ബുള്‍ ജറ്റുകാരെ പിന്തുണച്ചുകൊണ്ടായിരുന്നു ചീത്തവിളികള്‍. പോലീസിന് നേരെ ആക്രമണം നടത്താനും ഇയാള്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ ഇയാളുടെ അസഭ്യം നിറഞ്ഞ വീഡിയോകള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുളളതാണ്.
അതേസമയം ജാമ്യം കിട്ടിയ ഇ ബുള്‍ജറ്റ് വ്‌ളോഗര്‍മാരായ ലിബിനും എബിനും അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം വീട്ടിലേക്ക് മടങ്ങി. അവരെ കാണാനായി നിരവധി പേര്‍ സബ്‌ജയിലിന് ചുറ്റും തടിച്ചുതകൂടിയിരുന്നു. പോലീസെത്തി ആളുകളെ നിയന്ത്രിച്ചാണ് ഇരുവരെയും വാഹനത്തില്‍ കയറ്റിയത്. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി പൊതുമുതല്‍ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നും കാട്ടി 2021 ഓഗസ്‌റ്റ് 9 നാണ് ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.

