ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക ഉത്പന്നങ്ങളുടെ വഴിയോര വിപണനകേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിർവഹിച്ചു.
ബ്ലോക്ക് പരിധിയിലെ കർഷകരുടെ ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഈ വിപണന കേന്ദ്രം വഴി നടക്കും. കർഷകർക്കും ഉപഭോക്താക്കൾക്കും ഒരേപോലെ പ്രയോജനപ്പെടുന്നതാണ് പദ്ധതി. ഉത്പ്പന്നങ്ങൾ കൃഷി സ്ഥലത്തുനിന്ന് നേരിട്ട് സംഭരിച്ച് ന്യായവിലയ്ക്കാണ് വിറ്റഴിക്കുക. പൊതു ജനങ്ങൾക്ക് നാടൻ കാർഷിക ഉത്പ്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം കർഷകർക്ക് ന്യായവില ഉറപ്പാക്കാനും ഇതുവഴി കഴിയും. ഉത്പ്പനങ്ങൾ കർഷകർ നിശ്ചയിക്കുന്ന വിലക്ക് വിൽക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എൻ.ഡി. ഷിമ്മി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷമാരായ അനിതാ തിലകൻ, സുധ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എ. തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സിറാജുദ്ദീൻ, കൃഷി ഓഫീസർ അശ്വതി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.

