തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംവിധാനം എല്ലാവര്ക്കും എതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അട്ടപ്പാടിയിൽ ആദിവാസി ഊരു മൂപ്പനെയും മകനെയും പോലീസ് മർദ്ദിച്ച സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന്മേലുള്ള മറുപടിയിലാണ് 10/08/21 ചൊവ്വാഴ്ച മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിച്ച് രംഗത്തുവന്നത്.
അപകടത്തില്‍പ്പെട്ടവരെ പ്രളയ കാലത്ത് സഹായിക്കുന്നതിന് പൊലീസ് മുന്നില്‍ നിന്നു. മഹാമാരി കാലത്ത് കഴിഞ്ഞ ഒന്നരവര്‍ഷ കാലമായി പൊലീസ് വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. പ്രളയ കാലത്തും മറ്റു പ്രകൃതി ദുരന്ത സമയത്തുമെല്ലാം ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പൊലീസ് മുന്‍നിരയില്‍ നിന്നു തന്നെ അവരെ സഹായിച്ചു. സ്വന്തം വീട് വെള്ളത്തിൽ മുങ്ങിയപ്പോള്‍ പോലും ഒരു പൊലീസുകാരന് മറ്റുള്ളവരെ രക്ഷിക്കാന്‍ ഇടപ്പെട്ടത് വാര്‍ത്തയായതാണ്. പൊലീസിന്റെ ഇടപെടലിനെ അങ്ങനെ കുറച്ച് കാണരുതെന്ന് മുഖ്യമന്ത്രി സഭയില്‍ സൂചിപ്പിച്ചു.

