തൃശ്ശൂർ: ‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആഘോഷിയ്ക്കും

തൃശ്ശൂർ: രാജ്യപുരോഗതിക്ക് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ സംഭാവന എന്ന പ്രമേയത്തില്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിയ്ക്കാന്‍ രാജ്യത്തെ മുഴുവന്‍ ഫീല്‍ഡ് ഓഫീസുകള്‍ക്കും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷം നീളുന്ന വിവിധ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. വിവരശേഖരണത്തിലും ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലയളവില്‍ കൈവരിച്ച നേട്ടങ്ങളും പുരോഗതികളും രേഖപ്പെടുത്തുന്ന വിവിധ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിയ്ക്കും.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ കേരളത്തിലെ മുഴുവന്‍ ഓഫീസുകളും ഓഗസ്റ്റ് 15ന് ദീപാലംകൃതമാക്കും. തിരുവനന്തപുരം റീജ്യണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ഉള്‍പ്പടെ പങ്കെടുപ്പിച്ച് സെമിനാറുകളും കാര്യ ശാലകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കും. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ ബോധവല്‍ക്കരണവും നടത്തും. വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര-സംസ്ഥാന ഉന്നതോദ്യോഗസ്ഥര്‍, പ്രമുഖ ഗാന്ധിയന്മാര്‍, സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്  ഓഗസ്റ്റ് 16ന് ഓണ്‍ലൈനായി നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →