കൊച്ചി: കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം ഒരു മാസത്തിനകം പുനപരിശോധിക്കണമെന്ന് 06/08/21 വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടു.
സന്ദര്‍ശനാനുമതി നിരസിച്ചുള്ള തീരുമാനം എടുക്കും മുന്‍പ് എം.പിമാരുടെ ഭാഗം കേട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ലക്ഷദ്വീപിലേക്കുള്ള യാത്രാ അനുമതി സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണ്.
എം.പിമാര്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷം മാത്രമേ അപേക്ഷകളില്‍ തീരുമാനമെടുക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു. നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എം.പിമാരുടെ ഭാഗം കേള്‍ക്കാമെന്നും ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരും എളമരം കരീമും എ.എം ആരിഫും അടക്കമുള്ള ആറ് ഇടത് എം.പിമാരുമാണ് ലക്ഷദ്വീപ് സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

