സ്വർണ പ്രതീക്ഷ പൊലിഞ്ഞു; ഗുസ്തി ഗോദയില്‍ ബജ്‌രംഗ് പൂനിയ ഫൈനല്‍ കാണാതെ പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സ് ഗുസ്തി ഗോദയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഉറച്ച സ്വര്‍ണ പ്രതീക്ഷയുമായി ടോക്യോയില്‍ എത്തിയ പുരുഷ താരം ബജ്‌രംഗ് പൂനിയ ഫൈനല്‍ കാണാതെ പുറത്തായി. 06/08/21 വെളളിയാഴ്ച ഉച്ചയ്ക്കു നടന്ന പുരുഷന്മാരുടെ 65 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗം സെമിയില്‍ അസര്‍ബൈജാന്‍ താരം ഹാജി അലിയേവിനോടാണ് ബജ്‌രംഗ് പൂനിയ തോല്‍വി സമ്മതിച്ചത്.

12-5 എന്ന സ്‌കോറില്‍ കനത്ത പരാജയമാണ് ഇന്ത്യന്‍ താരം ഏറ്റുവാങ്ങിയത്. ആക്രമിച്ചു കളഞ്ഞ അസര്‍ബൈജാന്‍ താരം ആദ്യ പിരീഡില്‍ തന്നെ 4-1ന്റെ കനത്ത ലീഡ് നേടിയിരുന്നു.

പിന്നീട് 8-1ന്റെ ലീഡ് നേടിയ എതിരാളിക്കെതിരേ തുടരെ മൂന്നു പോയിന്റ് നേടി തിരിച്ചുവരവിന് ബജ്‌രംഗ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 12-5 എന്ന സ്‌കോറില്‍ അസര്‍ബൈജാന്‍ താരം മെഡലുറപ്പാക്കി ഫൈനലിലേക്കു മുന്നേറുകയായിരുന്നു.

ബജ്‌രംഗിന് വെങ്കല മെഡലിനു വേണ്ടി റെപ്പാഷെ റൗണ്ടില്‍ മത്സരിക്കാം. രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇറാന്‍ താരം മൊര്‍തേസ ചേക്കയെ തോല്‍പിച്ചാണ് ബജ്‌രംഗ് സെമിയില്‍ കടന്നത്. 2-1 എന്ന സ്‌കോറിനാണ് ഇറാന്‍ താരത്തെ ബജ്‌രംഗ് മലര്‍ത്തിയടിച്ചത്.

നേരത്തെ കിര്‍ഗിസ്ഥാന്‍ താരം എര്‍ണാസര്‍ അക്മതാലിയേവിനെ തോല്‍പിച്ചാണ് ബജ്‌രംഗ് ക്വാര്‍ട്ടറില്‍ എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →