ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പീഡനത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡല്‍ഹി പോലീസ് കമ്മിഷണര്‍ രാകേഷ് അസ്താനയുടെ നിര്‍ദേശാനുസരണമാണു കേസ് ക്രൈംബാഞ്ചിനു കൈമാറിയത്.ക്രൈംബ്രാഞ്ച് ഡി.സി.പി: മോണിക്കാ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. കേസ് അന്വേഷണം കൂടുതല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നാണു വിശദീകരണം.കഴിഞ്ഞ ഒന്നിനാണ് തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഒന്‍പതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീടിനു സമീപത്തെ ശ്മശാനത്തിലുള്ള കൂളറില്‍നിന്നു വെള്ളം ശേഖരിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി.
പീഡനം പുറത്തറിയാതിരിക്കാന്‍ ശ്മശാനത്തിലെ പുരോഹിതന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ബന്ധുക്കളുടെ അനുമതിയില്ലാതെ മൃതദേഹം ദഹിപ്പിച്ചെന്നാണു പരാതി.മരണകാരണം കണ്ടെത്തുക ദുഷ്‌കരമാണെന്നു മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാരുടെ സമിതി ഡല്‍ഹി പോലീസ് ഉന്നതരെ അറിയിച്ചിരുന്നു.

