തിരുവനന്തപുരം: കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺഉല്പന്ന നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് സംരംഭങ്ങളുടെ ആധുനികവൽക്കരിക്കാനും സംരംഭങ്ങൾ ആരംഭിക്കാനും കളിമൺപാത്ര വിപണനത്തിനും വായ്പ നൽകുന്നു. വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശ നിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. ജാമ്യ വ്യവസ്ഥകൾ ബാധകമാണ്.
അപേക്ഷകർ പരമ്പരാഗത കളിമൺ ഉല്പന്ന നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
വായ്പ പദ്ധതികൾക്കുള്ള പ്രത്യേകം അപേക്ഷാ ഫോറങ്ങൾ, നിബന്ധനകൾ, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ലഭിക്കും (www.keralapottery.org). വായ്പാ അപേക്ഷ ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനക നഗർ, കവടിയാർ.പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം.

