തിരുവനന്തപുരം: ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധനകാര്യ മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ ഓഗസ്റ്റ് 2ന് നിർവഹിക്കും. രാവിലെ 8.30 നു കവടിയാർ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി, ശ്രീ വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യത്തിൽ വാഹനങ്ങളുടെ താക്കോൽ കൈമാറും. ജി എസ് ടി സ്‌പെഷ്യൽ കമ്മിഷണർ, ഡോ.എസ് കാർത്തികേയൻ ഐ എ എസ്, അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വെള്ളൂരി ഐ എഫ് എസ്,ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, ടെക്നിക്കൽ മാനേജർ ജെ, മനോഹരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇതോടെ അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആകും.
അനെർട്ട് മുഖേന ഗവൺമെന്റ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുവാൻ അനെർട്ടിന് സാധിച്ചു. കേന്ദ്രഗവൺമെന്റ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെന്റ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, യുവജനകമ്മീഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നിലവിൽ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു.