ഉള്‍നാടന്‍ മത്സ്യമേഖലയില്‍ പരമാവധി മത്സ്യം ഉത്പാദനം വര്‍ധിപ്പിക്കും

പത്തനംതിട്ട : ഉള്‍നാടന്‍ മത്സ്യമേഖലയില്‍ പരമാവധി മത്സ്യം ഉത്പാദനം വര്‍ധിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പന്നിവേലിച്ചിറ ഹാച്ചറി, കവിയൂര്‍ ഐരാറ്റ് ഹാച്ചറി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

അഞ്ചു കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് 12 കോടിയിലെത്തിക്കാന്‍ സാധിക്കും. മത്സ്യ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലെത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നമ്മുടെ വരുമാനത്തിന്റെ 13 ശതമാനം മത്സ്യമേഖലയാണ്. ഇതില്‍ പ്രധാനമായുള്ളതും കടല്‍ മത്സ്യമാണ്. ഉള്‍നാടന്‍ മത്സ്യ മേഖലയില്‍ ആയിരങ്ങള്‍ക്ക് ജോലി നല്‍കാന്‍ നമുക്ക് സാധിക്കും. വലിയ തോതിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കും. ഉള്‍നാടന്‍ മത്സ്യമേഖലയിലെ മത്സ്യ ഉത്പാദനത്തിനാകും ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. 

കവിയൂര്‍ ഐരാറ്റ് ഹാച്ചറിയില്‍ രണ്ടു കോടി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു സംബന്ധിച്ച് തിരുവല്ല എംഎല്‍എ അഡ്വ.മാത്യു ടി.തോമസുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യണമെന്നു മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയാണ്. ജലസമ്പത്തുള്ള പ്രദേശങ്ങളിലെല്ലാം മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പന്നിവേലിച്ചിറ ഹാച്ചറിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് സന്ദര്‍ശിക്കാന്‍ സൗകര്യം ഒരുക്കും

പന്നിവേലിച്ചിറ ഹാച്ചറിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫിഷറീസ് മന്ത്രിക്കൊപ്പം പന്നിവേലിച്ചിറ ഹാച്ചറി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ആറന്മുള എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ്. ഗവേഷണ കേന്ദ്രമായി ഉയര്‍ത്താനുള്ള ശ്രമം നടത്തും. ഡിസംബര്‍ മുതല്‍ മത്സ്യക്കുഞ്ഞുങ്ങളുടെ വിപണനം ആരംഭിക്കും. 50 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളില്‍ നിന്നും രണ്ട് കോടിയായി ഉയര്‍ത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അറിയിച്ചത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. 

അഡ്വ.മാത്യു ടി തോമസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, വൈസ് പ്രസിഡന്റ് ടി.പ്രതീപ് കുമാര്‍, വാര്‍ഡ് മെമ്പര്‍ ബിജിലി പി. ഈശോ, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍മാരായ ഇഗ്നേഷ്യസ് മാന്‍ഡ്രോ, ശ്രീകണ്ഠന്‍, കെ.എസ്.സി.എ.ഡി.സി സിഇഒ ഷെയ്ഖ് പരീത്, ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസര്‍ പി.ശ്രീകുമാര്‍, പോളച്ചിറ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജാസ്മിന്‍ കെ. ജോസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍, മുന്‍ എം.എല്‍.എ കെ.സി രാജഗോപാല്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കേരളാ ഷോപ്പ്സ് & എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ. അനന്തഗോപന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം സാബു കോയിക്കലേത്ത്, ഏരിയ സെക്രട്ടറി ടി.വി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →