പോര്‍ട്ടൗ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവ്നെല്‍ മോയ്സിന്റെ കൊലപാതകത്തില്‍ സുപ്രീം കോടതിയിലെ മുന്‍ വനിതാ ജഡ്ജി വാന്‍ഡെല്‍ കോക്-തെലോട്ടിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. സംഭവത്തില്‍ കൊളംബിയന്‍ കൂലിപ്പട്ടാളക്കാരും ഹെയ്തിയന്‍ വംശജരായ അമേരിക്കന്‍ പൗരന്മാര്ക്കും പുറമേ പ്രസിഡന്റിന്റെ സുരക്ഷാസേനാ മേധാവിയും അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് വനിതാ ജഡ്ജിയുടെ പങ്കാളിത്തത്തിനു തെളിവു ലഭിച്ചത്. കോക് തെലോട്ടിന്റെ വസതിയില്‍ ഉള്‍പ്പെടെ തങ്ങിയാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് അറസ്റ്റിലായവരുടെ കുറ്റസമ്മതം.ജോവ്നെലിനെ വധിച്ചതെന്നു കരുതുന്ന കൊളംബിയന്‍ കൂലിപ്പട്ടാളക്കാരുമായി തെലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നതായി പോലീസ് പറയുന്നു. തെലോട്ടിനെതിരേ ഏതാനും ദിവസം മുമ്പ് ഹെയ്തി പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തനിക്കെതിരേ അട്ടിമറിക്കു കോപ്പു കൂട്ടുന്നതായി ആരോപിച്ച് തെലോട്ട് അടക്കം മൂന്നു ജഡ്ജിമാരെ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റ് പുറത്താക്കിയിരുന്നു. ഇതില്‍ പ്രകോപിതരായാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഹെയ്തി പോലീസ് ആരോപിക്കുന്നത്.
ഹെയ്തി പ്രസിഡന്റിന്റെ കൊല: പിന്നില്‍ വനിതാ ജഡ്ജിയെന്ന് പോലീസ്
