കോഴിക്കോട്: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും കാലതാമസമില്ലാതെ പൂർത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം വകുപ്പുകളുടെ ജില്ലാ തല മേധാവികൾക്ക് നിർദ്ദേശം നൽകി.
അംബേദ്കർ ഗ്രാമം കോളനി പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ അതിവേഗത്തിൽ പൂർത്തിയാക്കണമെന്നും കോളനികളുടെ പുനരുദ്ധാരണം നീണ്ടുപോവരുതെന്നും ടി.പി.രാമകൃഷ്ണൻ എം. എൽ.എ പറഞ്ഞു. ഈ കാര്യം വളരെ ഗൗരവമായി കണക്കിലെടുത്ത് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും എം എൽ എ പറഞ്ഞു. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതികൾ കാലതാമസം വരുത്താതെ പൂർത്തീകരിക്കണമെന്ന് കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. മുക്കം പോലീസ് സ്റ്റേഷന് മുന്നിലുള്ള വാഹനങ്ങൾ മാറ്റാനുള്ള അടിയന്തര നടപടി എത്രയും വേഗം സ്വീകരിക്കണമെന്ന് ലിന്റോ ജോസഫ് എം എൽ എ പറഞ്ഞു. റോഡ് നിർമ്മാണങ്ങൾ സംബന്ധിച്ച് കാലതാമസം ഉണ്ടാവാതെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. സർവ്വേ നടപടികൾ വേഗത്തിൽ നടപ്പാക്കും. പൊതുസ്ഥലങ്ങളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കുന്നത് കാര്യക്ഷമമായി നടപ്പാക്കണം. ഇക്കാര്യത്തിലെ പുരോഗതി യോഗം വിലയിരുത്തി.
കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ടിപിആർ കൂടിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടു വരാൻ യോഗം തീരുമാനിച്ചു. വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് വേഗത വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി സേവന ദാതാക്കളുടെ യോഗം ചേരും. പുഴ ആഴം കൂട്ടൽ, പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണം എന്നിവ മഴയ്ക്ക് മുൻപ് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
എംഎൽഎമാരായ അഡ്വ.പി.ടി.എ റഹീം, കാനത്തിൽ ജമീല, തോട്ടത്തിൽ രവീന്ദ്രൻ, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.കെ രമ, എഡിഎം ഇൻ ചാർജ് ഷാമിൻ സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, ജില്ലാ പോലീസ് മേധാവി എ.വി.ജോർജ്, ജില്ലാ പ്ലാനിങ് ഓഫീസർ ടി.ആർ.മായ, , ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.