ബുധനാഴ്ച മുതൽ സോഷ്യൽ മീഡിയയിൽ നടൻ ജനാർദനൻ മരിച്ചുവെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ടായിരുന്നു. ഈ പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനാർദ്ദനൻ.
താൻ പൂർണ ആരോഗ്യവാനാണെന്ന് സൈബർ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലെന്നും ജനാർദ്ദനൻ പറഞ്ഞു. ഈ വാർത്തയുടെ നിജസ്ഥിതി അറിയാനായി സിനിമാരംഗത്തു നിന്നും നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാർദ്ദനൻ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും വസ്തുതാവിരുദ്ധമായ വാർത്തകളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് ഫാൻ പേജ് പ്രതികരിച്ചു. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷയും ഈ വ്യാജപ്രചരണങ്ങൾക്കെതിരെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ബാദുഷയുടെ കുറിപ്പ് ഇങ്ങനെ .
ഇന്നലെ മുതൽ നടൻ ജനാർദ്ദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. അദ്ദേഹവുമായി ഞാൻ ഇന്നലെയും സംസാരിച്ചു. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവും ഇല്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം. ഇതൊരു അപേക്ഷയാണ്.