പത്തനംതിട്ട: വിദ്യാതരംഗിണി വായ്പാ പദ്ധതിയിലൂടെ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 1,34,71,766 രൂപ. 82 സഹകരണസംഘങ്ങള്‍ വഴി 1577 വായ്പകളിലായാണ് തുക വിതരണം ചെയ്തതെന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.ജി. പ്രമീള അറിയിച്ചു. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങുന്നതിന് സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയാണ് വിദ്യാതരംഗിണി.
ജില്ലയില്‍ വിദ്യതരംഗിണി വായ്പാ പദ്ധതി പ്രകാരം മല്ലപ്പള്ളി താലൂക്കിലെ ചെങ്ങരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം) ആണ് ഏറ്റവും കൂടുതല്‍ തുക വായ്പയായി വിതരണം ചെയ്തിരിക്കുന്നത്. ബാങ്കില്‍ നിന്നും 97 വായ്പകള്‍ മുഖേന 9,70,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.