ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിനിടെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പ്രകടിപ്പിച്ച പത്ത് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്യാന്‍ നീക്കവുമായി കേന്ദ്രം. സഭയില്‍ ബിസിനസ് പേപ്പറുകള്‍ വലിച്ചെറിയുകയും പ്ലക്കാര്‍ഡുകള്‍ കീറിക്കളയുകയും ചെയ്ത എംപിമാര്‍ക്കെതിരെയാണ് നടപടി. ഹൈബി ഈഡന്, എഎം ആരിഫ്, ഡീന്‍ കുര്യാക്കോസ്, ടിന് പ്രതാപന്, ജോതിമണി, ഗുര്‍ജീത് സിംഗ് ഒജ്ല, ബിട്ടു, മണിക്കം ടാഗോര്‍ എന്നീ എംപിമാര്‍ക്കെതിരെയാണ് കേന്ദ്ര നീക്കം.
പെഗാസസ് ചോര്‍ത്തല്‍, കര്‍ഷക സമരം എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വലിയ പ്രതിഷേധമാണ് ലോക്സഭയില്‍ പ്രതിപക്ഷം നടത്തിയത്. സഭയുടെ നടുത്തളത്തിലിറങ്ങിയ എംപിമാര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു.
പ്രതിഷേധത്തെത്തുടര്‍ന്ന് സഭാ സമ്മേളന സമയം മൂന്ന് തവണ മാറ്റി വെക്കേണ്ടി വന്നു. ഒടുവില്‍ 2.30 നാണ് സമ്മേളനം നടന്നത്. പ്രതിഷേധങ്ങള്‍ക്കിടെ ചോദ്യോത്തര വേള പൂര്‍ത്തിയായി. ഇതിനു പിന്നാലെയാണ് എംപിമാര്‍ ബിസിനസ് പേപ്പറുകളും പ്ലക്കാര്‍ഡുകളും വലിച്ചെറിയുകയും കീറിക്കളയുകയും ചെയ്തത്.

