ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ദുൽഖർ സൽമാന്റ ബർത്ത് ഡേ സ്പെഷ്യൽ പോസ്റ്റർ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങി. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നി അഞ്ച് ഭാഷകളിൽ ആണ് പ്രേക്ഷകരിലേക്ക് എത്തുക.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ വേണ്ടി റെക്കോർഡ് തുകയുടെ ഓഫർ ലഭിച്ചുവെങ്കിലും ആ ഓഫറുകൾ അവഗണിച്ചു കൊണ്ട് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിലാണ്. 35 കോടി മുതൽമുടക്കുള്ള ഈ ചിത്രം പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ്.
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേ ഫെറർ ഫിലിംസും എം സ്റ്റാർ എന്റർടെയ്മെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആറ് മാസം നീണ്ടു നിന്ന ചിത്രീകരണം നടന്നത് കേരളം, അഹമ്മദാബാദ് , മുംബൈ, ദുബായ് , മാംഗ്ലൂർ, മൈസൂർ, എന്നിവിടങ്ങളിലായിരുന്നു.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റ ഡബ്ബിംഗ് പൂർത്തിയായി. കഥ ജിതിൻ കെ ജോസ് , തിരക്കഥ സംഭാഷണം ഡാനിയൽ സായൂജ് നായർ , കെ എസ് അരവിന്ദ്, ചായാഗ്രഹണം നിമിഷ് രവി ,സംഗീതസംവിധാനം സുഷിൻ ശ്യാം, ക്രിയേറ്റീവ് ഡയറക്ടർ വിനി വിശ്വം,ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ , സൗണ്ട് ഡിസൈൻ വിഘ്നേഷ് കിഷൻ രജീഷ്, മേക്കപ്പ് റോ നെക്സ് സേവ്യർ, കോസ്റ്റ്യൂംസ് പ്രവീൺ വർമ്മ,പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ , പിആർഒ ആതിരാ ദിൽജിത്ത്,സ്റ്റിൽസ് ഷുഹൈബ് SBK,പോസ്റ്റർ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ എന്നിവർ നിർവഹിക്കുന്നു.
ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ കമ്മാര സംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാൻ ആണ് . മറ്റൊരു ദേശീയ അവാർഡ് കരസ്ഥമാക്കിയ വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാല നായികയായെത്തുന്ന കറുപ്പിൽ ഇന്ദ്രജിത്ത് സുകുമാരൻ , സണ്ണിവെയിൻ, ഷൈൻ ടോം ചാക്കോ , വിജയരാഘവൻ , പി ബാലചന്ദ്രൻ , സുരഭിലക്ഷ്മി, ശിവജിത്ത് പത്മനാഭൻ , തുടങ്ങിയവർ അഭിനയിക്കുന്നു.
സൂപ്പർഹിറ്റ് ചിത്രമായ പറവയ്ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. ദുൽഖർ സൽമാന്റെ ജന്മദിനത്തിന്റെ ആഘോഷങ്ങളിൽ ആരാധകരും സിനിമാ ലോകവും നിറഞ്ഞു നിൽക്കവേയാണ് ഈ സന്തോഷ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നിർമ്മാണം ദുൽഖർ സൽമാൻ ഉടമസ്ഥതയിലുള്ള വേ ഫെറർ ഫിലിം സ് തന്നെയാണ് നിർവഹിക്കുന്നത്. ആതിര ദിൽജിത്ത് തന്നെ പിആർഒ ആവുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരിക്കുന്നു.
ദുൽഖറിന്റെ ബാല്യകാല സുഹൃത്തായ അഭിലാഷ് ജോഷിയുമൊത്തുള്ള
കിംഗ് ഓഫ് കൊത്തയാണ് അത്. കിംഗ് ഓഫ് കൊത്ത ഒരു സ്വപ്ന പ്രൊജക്ട് ആണെന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു . കയ്യിൽ തോക്കേന്തി മാസ് ലുക്കിലുള്ള ദുൽഖറിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്.

