ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭരണകൂടത്തിനുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ജനം തെരുവിലിറങ്ങിയത്. തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ ആയിരക്കണക്കിന് പേരാണ് ബോല്‍സനാരോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. ബ്രസീലിലെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങിയിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തിനിടയിലും സര്‍ക്കാരിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിലും ജനം അസ്വസ്ഥരാണ്. ഇവ പരിഹരിക്കാതെ തങ്ങള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
മഹാമാരിയെ തടുക്കാനുള്ള സര്‍ക്കാര്‍ നടപടി പര്യാപ്തമല്ല. രോഗം തടയാനുള്ള പ്രതിരോധ നടപടികളെ പരിഹസിക്കുന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിക്കുന്നത്. വാക്‌സിന്‍ വിതരണം എല്ലാവരിലുമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്നിവയാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
500ലധികം പ്രദേശങ്ങളിലായി പ്രതിഷേധത്തിന് തുടക്കം കുറിച്ചതായി സമര സമിതി അംഗങ്ങള്‍ അറിയിച്ചു. വളരെ വൈകിയാണ് ബ്രസീലില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതെന്നും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും സമരാനൂകൂലികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് വ്യാപനം ലോകത്തെ ഭീതിയിലാഴ്ത്തിയപ്പോഴും ബ്രസീലില്‍ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ ബോല്‍സനാരോ തയ്യാറായിരുന്നില്ലെന്ന് സമരാനുകൂലികള്‍ പറയുന്നു.
ബോല്‍സനാരോയുടെ നിരുത്തരവാദ നടപടികളുടെ ഫലമായി ബ്രസീലില്‍ ഉടനീളം കൊവിഡ് ബാധിച്ച് മരിച്ചത് 548,000 ല്‍ അധികം പേരാണ്. വൈറസിന്റെ വ്യാപനം തടയുന്നതിന് പൊതുജനാരോഗ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശവും പ്രസിഡന്റ് തള്ളിയിരുന്നു.
ഇത് കൊവിഡ് മരണ സംഖ്യയുയരാന്‍ കാരണമായി. അമേരിക്കയ്ക്ക് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ്യമായി ബ്രസീല്‍ മാറുകയും ചെയ്തു.