അഴീക്കല്‍ ഫിഷറീസ് തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും: മന്ത്രി സജി ചെറിയാന്‍

കണ്ണൂര്‍: പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കി അഴീക്കല്‍ മല്‍സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തുറമുഖം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ തുറമുഖത്ത് ലഭ്യമായ ഏഴര ഹെക്ടര്‍ ഭൂമിയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

തുറമുഖത്തെ സമ്പൂര്‍ണ നവീകരണത്തിലൂടെ മികവുറ്റതാക്കി മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തുറമുഖത്തെ അവശേഷിക്കുന്ന സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനാവശ്യമായ സംരംഭങ്ങള്‍ ആരംഭിക്കും. മല്‍സ്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉള്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള സംരംഭങ്ങളാണ് ഇവിടെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. ഇതിനായി നിലവിലുള്ള ഒരു കെട്ടിടം നവീകരിക്കുകയും മറ്റൊന്ന് പൊളിച്ചുമാറ്റി പുതിയത് പണിയുകയും വേണം. അതിനാവശ്യമായ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കും. വികസനത്തിന്റെ ഭാഗമായി ഐസ് പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും.

വാര്‍ഫിന്റെ കേടുവന്ന ഭാഗങ്ങള്‍ നവീകരിക്കുന്നതോടൊപ്പം പുതിയ വാര്‍ഫ് നിര്‍മിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. എത്രയും വേഗം ഡിപിആര്‍ തയ്യാറാക്കി അംഗീകാരം നേടി നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും.

സംസ്ഥാനത്ത് ഫിഷറീസ് തുറമുഖങ്ങളുടെ എണ്ണം കൂട്ടുന്നതിന് പകരം നിലവിലെ തുറമുഖങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇവിടങ്ങളിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക. അതിലൂടെ മല്‍സ്യ ബന്ധന മേഖലയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന്റെ ഭാഗമായി ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി മികച്ച സ്റ്റേഡിയം നിര്‍മിച്ചുനല്‍കും. തുറമുഖത്ത് വിശ്രമ കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, നല്ല ഭക്ഷണം, കുടിവെള്ളം എന്നിവ ലഭിക്കുന്ന കേന്ദ്രങ്ങള്‍, മികച്ച നിലവാരത്തിലുള്ള ടോയ്ലെറ്റുകള്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി നല്ല രീതിയില്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതിനകം 7300ലേറെ പേര്‍ പുതിയ വീടുകളിലേക്ക് മാറുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞു. സ്വന്തമായി ഭൂമി കണ്ടെത്താനാവാത്തവര്‍ക്ക് മികച്ച ഫ്ളാറ്റുകള്‍ പണിതുനല്‍കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം 3000 മല്‍സ്യത്തൊഴിലാളികള്‍ക്കും അതിനു ശേഷമുള്ള മൂന്ന് വര്‍ഷങ്ങളിലായി 10,000 പേര്‍ക്കും പാര്‍പ്പിടം ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. അഴീക്കല്‍ ഫിഷറീസ് തുറമുഖം, ഫിഷറീസ് സ്‌കൂള്‍, നെറ്റ് ഫാക്ടറി തുടങ്ങിയവ സന്ദര്‍ശിച്ച മന്ത്രി, തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎല്‍എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അഴീക്കല്‍ സന്ദര്‍ശിക്കുന്നതെന്നും വ്യക്തമാക്കി.

തുടര്‍ന്ന് മാപ്പിള ബേ ഹാര്‍ബര്‍ മന്ത്രി സന്ദര്‍ശിച്ചു. അലങ്കാര മല്‍സ്യങ്ങളുടെ ഉല്‍പ്പാദന വിതരണ കേന്ദ്രം ഇവിടെ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചു. ഹാര്‍ബര്‍ ബേസിനില്‍ ഡ്രഡ്ജിംഗ് ചെയ്ത സ്ഥലങ്ങളില്‍ വീണ്ടും മണല്‍ വന്ന് അടിയുന്നത് ഒഴിവാക്കാന്‍ മണല്‍ നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ആരായുമെന്നും മന്ത്രി അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →