അഗ്‌നിശമന സേനാ വിഭാഗത്തിന്റെ കരുത്ത് വര്‍ധിക്കുന്നത് സേവനം മെച്ചപ്പെടുത്തും

ആലപ്പുഴ : അഗ്‌നിശമന സേനാ വിഭാഗത്തിന്റെ സേവനം വിലപ്പെട്ടതാണെന്നും  അതിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നത് സേവനം മെച്ചപ്പെടുത്തുമെന്നും  കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ചേര്‍ത്തല അഗ്‌നിശമന സേനാ നിലയത്തിനു ലഭിച്ച പുതിയ വാഹനത്തിന്റെ ഫ്‌ലാഗ്ഓഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

 ആക്ഷേപത്തിന്റെ  സൂചിമുന വന്നുചേരാത്ത വകുപ്പാണ് അഗ്‌നിശമന സേന. പരാതിയോ പരിഭവമോ ഇല്ലാതെ വലിയ ദൗത്യം നിറവേറ്റുന്ന മേഖലയാണ് അഗ്‌നിശമനസേനാ വിഭാഗമെന്നും മന്ത്രി പറഞ്ഞു. സേവന സന്നദ്ധരായ പരിചയസമ്പന്നരായ പരിശീലനം സിദ്ധിച്ച ഒരു വിഭാഗമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പലതരത്തിലുള്ള ദുരന്തങ്ങളും അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ അഗ്‌നിശമനസേനാ വിഭാഗത്തിന്റെ കരുത്ത് ഇനിയും വര്‍ധിക്കേണ്ടതുണ്ട്. ദുരന്ത മുഖത്തെ നേരിടാന്‍ പരിശീലനം സിദ്ധിച്ച ഒരു  സംഘം ഉണ്ടാകേണ്ടതുണ്ട്. ഇതിനായി  സര്‍ക്കാര്‍ വലിയ ഇടപെടല്‍ ഈ മേഖലയില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.  

അഗ്‌നിശമന സേനാ വിഭാഗത്തിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് പുതിയ വാഹനങ്ങള്‍ സംസ്ഥാനത്തെ എല്ലാ നിലയങ്ങള്‍ക്കും നല്‍കുന്നത്. ഫോം ടെന്‍ഡര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിയന്ത്രിക്കാന്‍ കഴിയുന്ന വാഹനമാണ് ചേര്‍ത്തല അഗ്‌നിശമന സേനാ നിലയത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ധനചോര്‍ച്ച, പമ്പുകളില്‍ ഉണ്ടാകുന്ന തീപിടുത്തം, വന്‍കിട ഫാക്ടറികളില്‍ ഉണ്ടാകുന്ന തീപിടുത്തം എന്നിവ കാലതാമസമില്ലാതെ അണയ്ക്കാന്‍ ഈ വാഹനം സഹായകമാകും. ദുരന്തമുണ്ടാകുമ്പോള്‍ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ജീവഹാനി ഒഴിവാക്കാനും സാധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →