തൃശ്ശൂർ: ഓണ്‍ലൈനായും ഓഫ് ലൈനായും പഠിച്ച് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലാണ് സാക്ഷരത മിഷന്റെ ഹയര്‍ സെക്കന്ററി പഠിതാക്കള്‍. കോവിഡ് മൂലം ക്ളാസ്സുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്കിടയിലാണ് ഓണ്‍ലൈനായും ക്ളാസ്സുകള്‍ തുടങ്ങിയത്. 22 വയസ്സുമുതല്‍ 79 വയസ്സ് വരെയുള്ള പഠിതാക്കള്‍ക്ക് ഇതൊരു വേറിട്ട അനുഭവമായി. ജീവിതത്തിന്റെ നാനാതുറയില്‍പെട്ട പഠനം മുടങ്ങി പോയവരാണ് സാക്ഷരതാ മിഷന്റെ തുല്യത പരീക്ഷ എഴുതുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന് നടത്തുന്ന ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷ ജൂലൈ മാസം 26 മുതല്‍ 31 വരെ ജില്ലയിലെ 16 കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലാകെ 1748 പേര് ഹ്യുമാനിറ്റിസ്, കൊമേഴ്സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതും. 918 പുരുഷന്മാരും 830 പേര് സ്ത്രീകളുമാണ്. 329 എസ് സി വിഭാഗവും 5 എസ് ടി വിഭാഗക്കാരും ഇതിലുള്‍പ്പെടും. ഒന്നാം വര്‍ഷം 816 പേരും രണ്ടാം വര്‍ഷം 932 പേരുമാണ് പരീക്ഷ എഴുതുന്നത്. 2020 ജൂലൈ മാസം മുതല്‍ ഡിസംബര്‍ വരെയും 2021 മെയ് മുതല്‍ പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഓഫ്ലൈനായും ക്ലാസുകള്‍ നടത്തി വരുന്നു.
പരീക്ഷ നേരത്തെ മെയ് മാസത്തില്‍ നിശ്ചയിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരീക്ഷയെഴുതുന്ന ജില്ലയില്‍ ചാലക്കുടി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതുന്നത്. 99 പേരാണ് ചാവക്കാട് ജിവിഎച്ച്എസ്എസില്‍ പരീക്ഷ എഴുതുന്നത്. ചാവക്കാട് ജി ബി എച്ച് എസ് എസിലാണ് കുറവ് പരീക്ഷ എഴുതുന്നത് 25 പേര്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. കോവിഡ് മൂലമോ ക്വാറന്റൈനിലോ ആയവര്‍ക്ക് പ്രത്യേക പരിഗണന നല്കി പരീക്ഷ നടത്തുന്നതാണ്.