ദില്ലി : ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ്‌ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബിശങ്കര്‍. ഹോള്‍ സെയില്‍,റീട്ടെയില്‍ സെഗ്മെന്റുകളില്‍ ഉപയോഗിക്കാവുന്ന ഈ കറന്‍സികള്‍ ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ഉപയോഗം സംബന്ധിച്ച വിഷയങ്ങള്‍ നിരന്തരം പരിശോധിക്കാനുമാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. ഇങ്ങനെ വരുമ്പോള്‍ ഈ സംവിധാനത്തില്‍ തടസങ്ങള്‍ കുറക്കാനും തീരെ ഒഴിവാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തല്‍.
ഒറ്റഘട്ടമായി കറന്‍സി അവതരിപ്പിക്കുന്നത് ബാങ്കിംഗ് രംഗത്തെയും പണ വ്യവസ്ഥയെയും തിരിച്ചടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിജിറ്റല്‍ കറന്‍സിയുടെ ഭാവി ,ടെക്‌നോളജി തുടങ്ങിയ വിവിധ കാര്യങ്ങള്‍ റിസര്‍വ് ബാങ്ക് പരിശോധിക്കുന്നുണ്ടെന്നും ശങ്കര്‍ വ്യക്തമാക്കി.

