പാര്‍ലമെന്റ് ധര്‍ണയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍, അനുമതി നിഷേധിച്ച് പൊലീസ്

പാര്‍ലമെന്റിന് മുന്‍പില്‍ 22/07/2021 വ്യാഴാഴ്ച നടത്താനിരുന്ന ഉപരോധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ സമരത്തില്‍ ഉറച്ചതോടെ ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ധർണ്ണയ്ക്ക് അനുമതിയില്ലെന്ന് വ്യക്തമാക്കിയ ദില്ലി പൊലീസ്, കൊവിഡ് സാഹചര്യത്തിൽ ധർണ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കർഷകരോട് ആവശ്യപ്പെട്ടു. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽനിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നതടക്കമുള്ള പൊലീസിന്റെ ആവശ്യം കർഷകർ തള്ളിയതോടെ ദില്ലി പൊലീസും കർഷക സംഘടനകളും നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. 

പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ബാഡ്ജുകള്‍ നല്‍കും. ദിവസവും പാര്‍ലമെന്റിനു മുന്നിലെ ധര്‍ണയ്ക്ക് ശേഷം കര്‍ഷകര്‍ തിരികെ സമരഭൂമിയിലേക്ക് മടങ്ങിപ്പോകും. സമരക്കാരുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക കര്‍ഷക നേതാക്കള്‍ പൊലീസിന് കൈമാറുമെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു. ധര്‍ണയില്‍ പങ്കെടുക്കാനിരിക്കുന്ന കര്‍ഷകരുടെ എണ്ണം 200ല്‍ കുറയില്ലെന്നും കര്‍ഷകര്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും.

അതിനിടെ ജന്‍പത്ത്, ലോക് കല്യാണ്‍ മാര്‍ക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവന്‍,മണ്ഡി ഹൗസ്, പട്ടേല്‍ ചൗക്ക്, രാജീവ് ചൗക്ക് തുടങ്ങിയ ഏഴ് മെട്രോ സ്റ്റേഷനുകള്‍ക്ക് പൊലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

വര്‍ഷകാല സമ്മേളനത്തിനിടെ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിന് മുന്നിലേക്ക് സമരം മാറ്റുന്നതിന് കർഷകർ തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന്  കേന്ദ്രസർക്കാർ ആവർത്തിച്ചു. പ്രതിഷേധത്തിന്റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമർ രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →