തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യനിര്‍മാണത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്.
സ്പിരിറ്റുമായി എത്തിയ അഞ്ച് ടാങ്കറുകളില്‍ നിന്നും ലോഡ് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. എക്സൈസ് ഡിപാര്‍ട്മെന്റാണ് ഇതിന് അനുമതി നല്‍കേണ്ടത്. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെത്തിച്ച സ്പിരിറ്റ് മോഷണം പോയതായി കണ്ടെത്തിയതോടെ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.
50,000 ലിറ്ററിന് മുകളില്‍ സ്പിരിറ്റ് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ടാങ്കറിലെ ഇ-ലോകുമായി ബന്ധിപ്പിക്കുന്ന പൈപ് മുകള്‍ഭാഗം വച്ച് മുറിച്ച ശേഷം സ്പിരിറ്റ് ചോര്‍ത്തുന്നതായിരുന്നു രീതിയെന്നാണ് ഫൊറന്‍സിക്, എക്‌സൈസ്, ലീഗല്‍ മെട്രോളജി വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലെ നിഗമനം. കമ്പനിയിലെ തകരാറിലായ വേ ബ്രിഡ്ജ് അറ്റകുറ്റപ്പണി നടത്താതിരുന്നത് തട്ടിപ്പിനായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.