തിരുവനന്തപുരം: പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ഇതിനായി ഒരു വെബ്പോർട്ടൽ വികസിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ വിവിധ റോഡുകളുടെ പുനർനിർമാണത്തിന്റെ തുടക്കവും പണി പൂർത്തിയായ റോഡിന്റെ ഉദ്ഘാടനവും ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിലൂടെ പ്രതിവർഷം ഏകദേശം 3000 കോടി രൂപയുടെ ബാധ്യത സംസ്ഥാനത്തിന് ഉണ്ടാകുന്നു. ഇത് ചെറിയ കാര്യമല്ല. ഈ പ്രശ്നം പരിഹരിക്കേണ്ടത് അനിവാര്യമാണ്. പശ്ചാത്തല സൗകര്യ വികസനം അത്യന്താപേക്ഷിതമാണ്. റോഡുകളുടെ വികസനം കൂടിയേതീരൂ എന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ പൊതുമരാമത്ത് വകുപ്പ് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ നവീന പദ്ധതികൾ ആരംഭിച്ചു. പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന വകുപ്പാണ് പൊതുമരാമത്ത്.
ജനം കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന മുദ്രാവാക്യമാണ് വകുപ്പ് മുന്നോട്ടു വച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിലെ പണി പൂർത്തിയായ മണിയാതുക്കൽ – തൃച്ചാറ്റുകുളം റോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നബാർഡിന്റെ സഹായത്തോടെ പത്തു കോടി രൂപ ചെലവിലാണ് പണി പൂർത്തിയാക്കിയത്. ഈ റോഡ് ടൂറിസം വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുമരകം – നെടുമ്പാശേരി റോഡ്, കോട്ടയം ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡ്, പത്തനംതിട്ട – അയിരൂർ റോഡ് എന്നിവ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുകയാണ്. കുമരകം നടുമ്പാശേരി റോഡ് കോട്ടയം ജില്ലയുടെ വികസനത്തിന് കുതിപ്പേകും. 97.88 കോടി രൂപ ചെലവിലാണ് ഈ റോഡ് നവീകരിക്കുന്നത്. ആറ് ചെറിയ പാലങ്ങളും ഒരു വലിയ പാലവും ഉൾപ്പെടുന്നതാണ് 21 കിലോമീറ്റർ നീളമുള്ള റോഡ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിന് കൂടുതൽ പേർ ആശ്രയിക്കുന്ന റോഡാണ് ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡ്. 121 കോടി രൂപ ചെലവിലാണ് റോഡ് നാലുവരിപ്പാതയാക്കുന്നത്. 107.53 കോടി രൂപ ചെലവിലാണ് പത്തനംതിട്ട അയിരൂർ റോഡ് വികസിപ്പിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ബി എം സി ടാറിങ്ങാണ് നടത്തുന്നത്. കെ എസ് ടി പിക്കാണ് നിർമാണ ചുമതല.