ചെന്നൈ : തമിഴ്നാടിനെ രണ്ടായി വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമില്ലെന്ന് ബിജെപി . തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തമിഴ് പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
നിലവില്‍ തമിഴ്നാടിനെ വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഇല്ല. തമിഴ്നാടിനെ രണ്ടായി വിഭജിച്ച് കോയമ്പത്തൂര്‍,തിരുപ്പൂര്‍, ഈറോഡ്,നാമക്കല്‍ സേലം ,ധര്‍മപുരി, നീലഗിരി, കരൂര്‍,കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാട് രൂപീകരിക്കണമെന്ന് തമിഴ്നാട് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബിജെപിയുടെ സഖ്യകക്ഷിയായ എഐഡിഎംകെയുടെ കോട്ടയായി അറിയപ്പെടുന്ന മേഖലയാണ് കൊങ്കുനാട്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ എഐഡിഎംകെ -ബിജെപി സഖ്യം 50 നിയമസഭാ സീറ്റുകളില്‍ 33 എണ്ണം നേടി. കൊങ്കുനാട് സ്വദേശിയായ ബിജെപി എംപി എല്‍ മുരുകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെ തമിഴ്നാട് വിഭജന ചര്‍ച്ചകളെ ക്കുറിച്ചുളള ഊഹാപോഹങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. മുരുകനെ കൊങ്കുനാട് മേഖലയിലെ മന്ത്രിയെന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചത്. കൊങ്കുനാട് വിഷയം വിവാദമായതോടെ കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സിപിഐ,സിപിഐ(എം) ,എഡിഎംകെ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

