കാസര്‍കോട് : പ്രമുഖ മൊബൈല്‍ സേവന കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചും മൊബൈല്‍ ആപ്പ് ദുരുപയോഗം ചെയ്‌തും പണം തട്ടിപ്പ്. കാസര്‍കോട് കുമ്പള സ്വദേശിനി നബീസയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 18,000 രൂപ. യുവതിയുടെ പരാതി സ്വീകരിച്ച പോലീസ് സൈബര്‍ സെല്ലിന് വിവരങ്ങള്‍ കൈമാറി. 2021 ജൂലൈ 12ന് ഇന്നലെ വൈകിട്ട് 5 മണിയോടെ നബീസക്കുവന്ന മൊബൈല്‍ സന്ദേശത്തില്‍ നിങ്ങളുടെ സിമ്മിന്റെ വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെന്നും അതിനാല്‍ 8250952988 എന്ന നമ്പരിലേക്ക് വിളിക്കണമെന്നും 24 മണിക്കൂറിനുളളില്‍ സിം പ്രവര്‍ത്തന രഹിതമാകുമെന്നുമായിരുന്നു. ഈ നമ്പരിലേക്ക വിളിച്ചപ്പോള്‍ ഉടന്‍ റീചാര്‍ജ് ചെയ്യാനും മറ്റൊരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെട്ടു.
ഒരു മൊബൈല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ മറ്റൊരാളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ കാണാനും കൈകാര്യം ചെയ്യാനും സൗകര്യം കൊടുക്കുന്ന ആപ്ലിക്കേഷനാണ് ഡൗണ്‍ലോഡ് ചെയ്‌തത്. അതനുസരിച്ച ഈ ആപ്പില്‍ മറ്റൊരു ഐഡിയില്‍ നിന്ന് വന്ന കണക്ഷന്‍ ലിങ്ക് ചെയ്യാന്‍ നബീസ അനുവാദം നല്‍കി . തുടര്‍ന്ന് നെറ്റ് ബാങ്കിലൂടെ ഓണ്‍ലൈനായി ഫോണ്‍ റീചാര്‍ജ് ചെയ്യാനായിരുന്നു നിര്‍ദ്ദേശം. റീ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒടിപി നമ്പര്‍ എത്തി . അത് എടുത്തുനോക്കി നിമിഷങ്ങള്‍ക്കകം അടുത്ത സന്ദേശം വന്നു.
മൊബൈല്‍ ആപ്പ് ദുരുപോഗം ചെയ്യുകയും നെറ്റ് ബാങ്കിംഗ് അക്കൗണ്ടും പാസ്വേഡും ഒടിപി അടക്കമുളള വിവിരങ്ങളും ചോര്‍ത്തിയെന്ന് സംശയിക്കുന്നുവെന്ന് നബീസ പറഞ്ഞു. മൊബൈല്‍ സേവന ദാദാവായ കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് ഈ രീതിയിലുളള നിര്‍ദ്ദേശങ്ങള്‍ ഒരിക്കലും വരില്ലെന്നും മറ്റൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചതായി കുമ്പള പോലീസ് പറഞ്ഞു.

