എറണാകുളം : ആതുര സേവന രംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങി കളമശ്ശേരി മെഡിക്കല്‍ കോളേജ് . രാജ്യം ഉറ്റുനോക്കുന്ന പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമായി വളരുന്ന മെഡിക്കല്‍ കോളേജില്‍ വന്‍ വികസന പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. നിപ്പ വൈറസ് രോഗ ഭീതിയില്‍ നാട് പകച്ച് നിന്നപ്പോഴും ഇനിയും ശമിച്ചിട്ടില്ലാത്ത കോവിഡ്-19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലും ആയിരങ്ങളുടെ ജീവന് സുരക്ഷാ കവചമൊരുക്കിയ സ്ഥാപനം കൂടിയാണിത് . അടിസ്ഥാന – സൗകര്യ വികസനത്തിന്റെയും നൂതനചികിത്സ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെയും ഭാഗമായി 9 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് മെഡിക്കല്‍ കോളേജില്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കിയത്. ഡോക്ടേഴ്സ് ഫാമിലി ക്വാര്‍ട്ടേഴ്സ്, ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ്, നവീകരിച്ച 20 പേ വാര്‍ഡ്, സ്ട്രീറ്റ് ലൈറ്റ് സംവിധാനം , ഡിജിറ്റല്‍ മാമോഗ്രാഫിമെഷീന്‍ , അഫെറിസിസ് മെഷീന്‍, ആധുനിക ഐ.സി.യു ആംബുലന്‍സ്, നവീകരിച്ച കാരുണ്യ ഫാര്‍മസി എന്നീ പദ്ധതികളുടെ ഉദ്ഘടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ജൂലൈ 13 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് നിര്‍വഹിക്കും.
മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ച് ഇരുപത് വര്‍ഷത്തോളമായെങ്കിലും ജീവനക്കാര്‍ക്ക് ക്വാട്ടേഴ്‌സ് സൗകര്യം ലഭ്യമായിരുന്നില്ല. ആദ്യ പടി എന്ന നിലയില്‍ 4 നിലകളിയായി 8 ഡോക്ടേഴ്‌സ് ഫാമിലി ക്വാര്‍ട്ടേഴ്‌സാണ് എല്ലാ വിധ സൗകര്യങ്ങളോടും കൂടി പണികഴിപ്പിച്ചിരിക്കുന്നത്. ഒരു നിലയില്‍ 2 ക്വാര്‍ട്ടേഴ്‌സ് വീതമാണുള്ളത് . 14,639 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നിര്‍മിച്ചിരിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 5 കോടി രൂപ ചെലവിലാണ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിച്ചിരിക്കുന്നത് . കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിന് ആശുപത്രി പരിസരത്ത് നിര്‍മ്മിച്ച ഡോക്ടേഴ്‌സ് ക്വാര്‍ട്ടേഴ്‌സ് നിര്‍ണ്ണായക പങ്കാണ് വഹിച്ചത് .
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച 4 ഓക്‌സിജന്‍ ജനറേറ്റര്‍ പി.എസ്.എ പ്ലാന്റുകളില്‍ ആദ്യത്തേത് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജനാണ്. 92 ലക്ഷം രൂപ മുതല്‍മുടക്കിലാണ് പ്ലാന്റ് സ്ഥാപിച്ചിരുക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടത്തിയ പ്ലാന്റിന്റെ ഗുണപരിശോധനയില്‍ നിഷ്‌കര്‍ഷിക്കപ്പെട്ട 94-95 ശതമാനം ഓക്‌സിജന്‍ ശുദ്ധമാണെന്ന് തെളിഞ്ഞിരുന്നു . നിലവില്‍ കോവിഡ് ബാധിതരെ ഉള്‍പ്പെടെ പ്രവേശിപ്പിച്ചിട്ടുള്ള 8 വാര്‍ഡുകളിലേക്കാണ് പുതിയ പ്ലാന്റില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ നല്‍കുന്നത്. അന്തരീക്ഷവായു വലിച്ചെടുത്തു കംപ്രഷന്‍ നടത്തി അഡ്‌സോര്‍പ്ഷന്‍ സാങ്കേതിക വിദ്യയിലുടെയാണ് ഓക്‌സിജന്‍ നിര്‍മിക്കുന്നത്. ഓക്‌സിജന്‍ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈന്‍ വഴി 250 കിടക്കകളിലേക്ക് ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കും.
കളമശ്ശേരി ക്യാംപസ്സില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ സ്ഥാപിച്ച 20 പേ വാര്‍ഡ് മുറികളാണുണ്ടായിരുന്നത് . ഡോക്ടേഴ്‌സ് ഫാമിലി ക്വാര്‍ട്ടേഴ്‌സിന് സമാനമായ രീതിയില്‍ പേ വാര്‍ഡും നവീകരിച്ചു. കാലപ്പഴക്കം വന്ന പേ വാര്‍ഡില്‍ ടൈലുകള്‍ പാകിയും രോഗീ സൗഹൃദപരമായ ടോയ്‌ലറ്റുകളും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടി പ്രയോജനകരമാകുന്ന രീതിലാണ് നവീകരിച്ചത് . 50 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് പേ വാര്‍ഡില്‍ നടപ്പിലാക്കിയത് .
ക്യാമ്പസ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ച വഴിവിളക്കുകളും മാറ്റി സ്ഥാപിച്ചു. ക്യാമ്പസ്സിന്റെ വിവിധ ഭാഗങ്ങളിലായി 4 ഹൈ മാസ്റ്റ് വിളക്കുകള്‍ ഉള്‍പ്പെടെ 55-ഓളം പ്രകൃതി സൗഹൃദവും ഊര്‍ജ്ജ പരിപാലനത്തിനുമുതകുന്ന എല്‍ഇഡി വഴിവിളക്കുകള്‍ സ്ഥാപിച്ച് സ്ട്രീറ്റ് ലൈറ്റ് സംവിധാനം വിപുലമാക്കി. 52.80 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് സ്ട്രീറ്റ് ലൈറ്റ് ഒരുക്കിയത് .
25 കോടി രൂപ ചെലവില്‍ സ്ഥാപിച്ചിട്ടുള്ള ഇമേജിംഗ് സെന്ററിന്റെ ഭാഗമായി എംആര്‍ഐ സ്‌കാന്‍ , ഡിജിറ്റല്‍ ഫ്‌ലൂറോസ്‌കോപ്പി മെഷീന്‍ , ഡിജിറ്റല്‍ എക്‌സറെ , പാക് സംവിധാനങ്ങള്‍ക്ക് പുറമെ സ്തനാര്‍ബുദ രോഗ നിര്‍ണ്ണയത്തിനു അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രാഫി സംവിധാനവും സ്ഥാപിച്ചു. കൂടാതെ അനുബന്ധ സ്‌കാന്‍ ചെയ്യാന്‍ ഓട്ടോമേറ്റഡ് ബ്രസ്റ്റ് അള്‍ട്രാ സൗണ്ട് മെക്കാനിസവും സ്ഥാപിച്ചു . ഇതിനായി 1 കോടി 69 ലക്ഷം രൂപയാണ് ചെലവിട്ടത് .
ചില രോഗാവസ്ഥകളിലും വിഷം തീണ്ടലിലും രക്തത്തില്‍ ഉണ്ടായേക്കാവുന്ന ദോഷകരമായ ഘടകങ്ങള്‍ മാറ്റാന്‍ ഉതകുന്ന അഫേറിസിസ് സംവിധാനവും സ്ഥാപിച്ചു . കെ. ജെ. മാക്സി, എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് അഫേറിസിസ് മെഷീന്‍ സ്ഥാപിച്ചത്.
മെഡിക്കല്‍ കോളേജില്‍ മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 40.31 ലക്ഷം രൂപ ചെലവില്‍ ഒരു ആധുനിക ഐ.സി.യു ആംബുലന്‍സ് വാങ്ങിച്ചു. മറ്റ് ആംബുലന്‍സുകളെ അപേക്ഷിച്ച് വിസ്തൃതി കൂടുതലുള്ളതിനാല്‍ കൂടുതല്‍
മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സാധിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങളായ 6.16 ലക്ഷം രൂപയുടെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍
വിത്ത് ഓക്സിജന്‍ , കൂടാതെ ഡെഫിബ്രിലേറ്റര്‍, മള്‍ട്ടി പാരാമോണിറ്റര്‍ ഇന്‍ഫ്യൂഷന്‍ പമ്പ് എന്നിവ സൂക്ഷിക്കാന്‍ ഉതകുന്നതും രോഗീ സൗഹൃദപരവുമാണ് ഈ ആംബുലന്‍സ്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രോഗികള്‍ക്ക് മരുന്നു വിതരണം സൗകര്യ പ്രദമാക്കാന്‍ മെഡിക്കല്‍ കോളേജിലെ സര്‍ക്കാര്‍ , കാരുണ്യ എച്ച്എല്‍എല്‍ ഫാര്‍മസികള്‍ അടുത്തടുത്തായി സ്ഥാപിച്ചു. കൂടാതെ കാരുണ്യ ഫാര്‍മസിയില്‍ നവീകരിച്ച കാത്തിരുപ്പു കേന്ദ്രവും, ടോക്കണ്‍ സംവിധാനവും നടപ്പാക്കി . ഇതിനു പുറമെ കൗണ്ടറുകളുടെ എണ്ണം കൂട്ടി ഐ.പി / ഒ.പി രോഗികള്‍ക്ക് പ്രത്യേകം പ്രത്യേകം മരുന്നു വിതരണ സംവിധാനവും നടപ്പിലാക്കി. ഇത്തരത്തില്‍ ആധുനിക രീതിയില്‍ രോഗീ സൗഹാര്‍ദ്രമായ മരുന്നു വിതരണ സംവിധാനമാണ് കാരുണ്യ ഫാര്‍മസിയില്‍ ഒരുക്കിയിരിക്കുന്നത് .