ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ)4-6 ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍.
നിലവില്‍ ഫൈസര്‍, ആസ്ട്രാസെനക്ക (കോവിഷീല്‍ഡ്), ജാന്‍സ്സെന്‍, മോഡേണ, സിനോഫാം എന്നീ കോവിഡ് വാക്സിനുകള്‍ക്കാണു ഡബ്ല്യു.എച്ച്.ഒയുടെ അടിയന്തര ഉപയോഗാനുമതിയുള്ളത്. അടുത്തതായി പരിഗണിക്കുന്നതു കോവാക്സിനാണ്. കോവാക്സിന്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഡബ്ല്യു.എച്ച്.ഒയുടെ പോര്‍ട്ടലില്‍ ഭാരത് ബയോടെക് അപ്ലോഡ് ചെയ്ത സാഹചര്യത്തിലാണിതെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സംഘടിപ്പിച്ച വെബിനാറില്‍ അവര്‍ പറഞ്ഞു.
അടിയന്തര ഉപയോഗ പട്ടികയില്‍ വാക്സിന്‍ ഉള്‍പ്പെടുത്താനുള്ള പൂര്‍വയോഗ്യതാ നടപടിക്രമങ്ങളുടെ ഭാഗമായി നിര്‍മാതാക്കള്‍ മൂന്നാംഘട്ടപരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുകയും രേഖകള്‍ സമര്‍പ്പിക്കുകയും വേണം. ഇതു ഡബ്ല്യു.എച്ച്.ഒ. വിദഗ്ധ ഉപദേശകസമിതി പരിശോധിച്ച് സുരക്ഷ, ഫലപ്രാപ്തി, നിര്‍മാണത്തിലെ നിലവാരം എന്നിവ വിലയിരുത്തും. ഭാരത് ബയോടെക് രേഖകള്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ 4-6 ആഴ്ചയ്ക്കകം തീരുമാനമുണ്ടാകും.

