ബ്രസീലിയ: കോപാ അമേരിക്ക ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാരായി കൊളംബിയ. ആവേശകരമായ പോരാട്ടത്തിന്റെ ഇഞ്ചുറി ടൈമില്‍ ലൂയിസ് ഡിയാസ് നേടിയ ഗോളിലാണു കൊളംബിയ മൂന്നാം സ്ഥാനം നേടിയത്.സെമിയില്‍ കൊളംബിയ അര്‍ജന്റീനയോടും പെറു ബ്രസീലിനോടുമാണ് തോറ്റത്. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ റിക്കാഡോ ഗാരേകയുടെ പെറുവിനെ 4-4-1-1 ഫോര്‍മേഷനിലാണ് റീനാള്‍ഡോ റൂഡയുടെ കൊളംബിയ നേരിട്ടത്.തുടക്കം മുതല്‍ തുല്യശക്തികളുടെ പോരാട്ടം വാശിയേറി. 56 ശതമാനം പന്തടക്കത്തില്‍ പെറു മുന്നിട്ട് നിന്നപ്പോള്‍ അഞ്ച് വീതം ഗോള്‍ ശ്രമവുമായി കൊളംബിയ ഒപ്പംപിടിച്ചു. ലൂയിസ് ഡിയാസ് ഇരട്ട ഗോളുകളും യുവാന്‍ കുഡ്രാഡോ ഒരു ഗോളുമടിച്ചു. യോഷിമര്‍ യോതുണ്‍, ജിയാന്‍ലൂക ലാപാഡുല എന്നിവര്‍ പെറുവിനു വേണ്ടി ഗോളടിച്ചു.
45-ാം മിനിറ്റില്‍ കൊളംബിയയെ ഞെട്ടിച്ച് പെറു ഗോളടിച്ചു. കുയെവയുടെ പാസില്‍നിന്ന് യോഷിമിര്‍ യോതുണിലൂടെയാണ് പെറു വലകുലുക്കിയത്.ഒന്നാം പകുതിയില്‍ ലീഡ് സ്വന്തമാക്കിയാണു പെറു പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊളംബിയ ഗോള്‍ മടക്കി. 49-ാം മിനിറ്റില്‍ യുവാന്‍ ക്വഡ്രാഡോ സമനില ഗോളടിച്ചു. ഫ്രീ കിക്കിലൂടെയാണ് താരം വലകുലുക്കിയത്. സ്‌കോര്‍ തുല്യമായതോടെ പോരാട്ടം കടുത്തു. 66-ാം മിനിറ്റില്‍ കൊളംബിയ ലീഡ് നേടി. ഗോള്‍കീപ്പര്‍ നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ ലൂയിസ് ഡിയാസാണ് വലകുലുക്കിയത്. 82-ാം മിനിറ്റില്‍ പെറു സമനില പിടിച്ചു. തകര്‍പ്പന്‍ ഹെഡറിലൂടെ ലാപഡുലയാണ് പെറുവിനെ ഒപ്പമെത്തിച്ചത്. പോരാട്ടം അവസാന മിനിറ്റിലേക്കു കടന്നതോടെ കനത്ത ആക്രമണമായി. ഇഞ്ചുറി ടൈമില്‍ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ഡിയാസ് വിജയ ഗോളടിച്ചു. രണ്ടാം പകുതിയിലും പന്തടക്കത്തില്‍ പെറു മുന്നിട്ടു നിന്നെങ്കിലും ആക്രമണത്തില്‍ കൊളംബിയ മുന്നിട്ട് നിന്നു.