റായ്പൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ഐപിഎസ് ഓഫിസര്‍ ജെ പി സിങ്ങിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി.ഐപിസി 124 എ(രാജ്യദ്രോഹം), 153 എ(വിവിധ ജാതി, മത, ഭാഷാ, പ്രാദേശിക വിഭാഗങ്ങള്‍ക്കുള്ളില്‍ സ്പര്‍ധയുണ്ടാക്കല്‍) എന്നിവ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.സിങ്ങിന്റെ വസതിയില്‍ നിന്ന് കീറിക്കളഞ്ഞ ഏതാനും പേപ്പര്‍ കഷ്ണങ്ങള്‍ കണ്ടെത്തിയെന്നും അത് കൂട്ടിയോജിപ്പിച്ചപ്പോള്‍ വളരെ ഗുരുതരമായ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖയാണെന്ന് ബോധ്യമായതായും എഫ്ഐആറില്‍ പറയുന്നു. അധികാരത്തിലിരിക്കുന്ന ചില നേതാക്കളെക്കുറിച്ചുള്ള ചില അഭിപ്രായങ്ങളും ചില ഗൂഢാലോചനയുടെ സൂചനകളും കടലാസ്സിലുണ്ട്്. സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള പ്രകോപനപരമായ സൂചനകളാണ് കടലാസ്സിലുള്ളതെന്നാണ് പോലിസ് പറയുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോ, ഇക്കണോമിക് ഒഫന്‍സ് വിങ് തുടങ്ങിയ ഏജന്‍സികള്‍ സിങ്ങുമായി ബന്ധപ്പെട്ട് 15 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 10 കോടിയുടെ ആസ്തി സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തെന്നും അധികൃതര്‍ അറിയിച്ചു.