തൃശ്ശൂർ : കൃഷിഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്ന് കൃഷി സംരക്ഷിക്കുവാനുള്ള പദ്ധതി വനംവകുപ്പ് അട്ടിമറിച്ചു. പന്നിയെ വെടിവയ്ക്കാനുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞു. പുതിയ ഉത്തരവ് വന്നില്ല. കാര്യമായ എണ്ണം പന്നികളെ വെടിവച്ചുകൊല്ലാനായിട്ടുമില്ല. ദീർഘമായ നടപടിക്രമങ്ങളാണ് വനംവകുപ്പ് മുന്നോട്ട് വച്ചത്. ഇതെല്ലാം പൂർത്തിയാക്കി വരുന്നതനുസരിച്ച് പന്നികൾ നിന്നു കൊടുക്കാത്തത് പരിപാടി പൊളിച്ചു.
വെടി വെക്കുന്നതിന് ലൈസൻസുള്ള തോക്കുടമകളെ ചുമതലപ്പെടുത്തിയിരുന്നു. ആവശ്യമുള്ളത്ര തോക്കുടമകളെ കിട്ടാത്തതും പ്രശ്നമായി. പന്നി ഒന്നിന് ആയിരം രൂപ ആയിരുന്നു പ്രതിഫലം. പക്ഷേ ഇത് കൊടുത്തിട്ടുമില്ല. പന്നി വെടിയുടെ കണക്കും തെളിവുമായി ഓഫീസ് കയറി ഇറങ്ങേണ്ട സ്ഥിതിയാണ് വെടിക്കാർക്ക്. കയറിയിറങ്ങാൻ താൽപര്യമില്ലാത്തതുകൊണ്ട് മിക്കവരും പ്രതിഫലം വേണ്ടെന്ന് വച്ചിരിക്കുകയാണ്.

കർഷകരുടെ സ്ഥിതിയിൽ മാറ്റം ഒന്നുമില്ല ഇപ്പോൾ. കർഷകരെ രക്ഷിക്കാൻ എന്ന പേരിൽ ഒരു പദ്ധതി കൊണ്ടുവന്നു എന്നു വരുത്തി ലക്ഷ്യം അട്ടിമറിച്ചു എന്നാണ് കർഷകരും കർഷക സംഘടനകളും പറയുന്നത്.
കർഷകരുടെയും പൊതുജനങ്ങളുടെയും കണ്ണിൽ പൊടിയിടുകയും വഞ്ചിക്കുകയും ചെയ്ത ഈ പദ്ധതിക്ക് പകരം ഫലപ്രദമായ നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കണം എന്നാണ് നീതി സേന എന്ന സംഘടനയുടെ വക്താവ് സണ്ണി ആന്റണി പറയുന്നത്.
കാട്ടിൽ പന്നികൾ പെരുകിയതിനെ തുടർന്ന് ഉടലെടുത്ത ആവാസവ്യവസ്ഥയിലെ പ്രതിസന്ധികളാണ് മറ്റു മൃഗങ്ങളും നാട്ടിൽ ഇറങ്ങുന്നതിന് കാരണമാകുന്നതെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. പെട്ടെന്ന് പെരുകുന്ന പന്നിയെ സംരക്ഷിത വന്യജീവി വർഗ്ഗമായി കേരളം ഒഴികെ ലോകത്തൊരിടത്തും പരിഗണിക്കുന്നില്ല. ഓസ്ട്രേലിയ, സെർബിയ പോലുള്ള രാജ്യങ്ങളിൽ വർഷത്തിലൊരിക്കൽ പന്നി വേട്ട സംഘടിപ്പിച്ച ഇവ പെരുകുന്നത് തടയുകയാണ് ചെയ്യുന്നത്.

