കേരള സംസ്ഥാനത്തിലെ നിയമങ്ങളല്ല ഇടുക്കിയില്‍ നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല മേഖല എന്ന പേരു പറഞ്ഞ് ഇടുക്കിയിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.ഒരു വഴിക്ക് നിര്‍മ്മാണ നിരോധനം മറു വഴിക്ക് വന്യ മൃഗശല്യം. പൊറുതിമുട്ടി ജനങ്ങള്‍. പരിസ്ഥിതിക്കാരെയും മാധ്യമങ്ങളെയും പേടിച്ച് സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്.
ഇടുക്കി ജില്ലയില്‍ ഇംഗ്ലീഷുകാരുടെ തേയില തോട്ടങ്ങളില്‍ പണിയെടുക്കുവാനെത്തിയിരുന്നത് തമിഴ് തൊഴിലാളികളായിരുന്നു. ഇവര്‍ തേയില തോട്ടങ്ങളുടെ സമീപമുള്ള സ്ഥലങ്ങളില്‍ സ്ഥിരതാമസമാക്കി. ഹൈറേഞ്ചിലെ കാടുകളില്‍ വിളഞ്ഞിരുന്ന ഏലം വിളവെടുക്കുവാന്‍ തിരുവതാംകൂര്‍ പട്ടാളം കൊണ്ടുവന്ന തമിഴ് തൊഴിലാളികളും ഇവിടെ വാസം ഉറപ്പിച്ചു. തമിഴ് സ്വാധീനം ക്രമാതീതമാകുമെന്ന് മനസ്സിലാക്കിയ തിരുവതാംകൂര്‍ മഹാരാജാവ്, തിരുവതാംകൂറില്‍ ഉള്ളവര്‍ക്ക് മാത്രം ഹൈറേഞ്ചില്‍ ഭൂമി നല്‍കിയാല്‍ മതിയെന്ന് 1920ല്‍ ഉത്തരവിട്ടു.
ഈ പശ്ചത്തലത്തിലാണ് 1920 മുതലുള്ള മധ്യതിരുവതാംകൂറില്‍ നിന്നുള്ള കുടിയേറ്റം പരിശോധിക്കേണ്ടത്. 1940 ആയപ്പോളേക്കും ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും മധ്യതിരുവതാംകൂര്‍ കര്‍ഷകര്‍ കുടിയേറിക്കഴിഞ്ഞിരുന്നു. ഉപ്പുതറയും മന്നാംകണ്ടവും അവരുടെ ആദ്യതാവളങ്ങളായി.
ഏലക്കാടുകളില്‍ വിളവെടുക്കുന്നതിനായി തിരുവതാംകൂര്‍ സൈന്യം ഉണ്ടാക്കിയ വഴിത്താരകളും, കമ്പം സ്വദേശി ആങ്കൂര്‍ റാവുത്തര്‍ പണികഴിപ്പിച്ച കൂപ്പുറോഡുകളും കുടിയേറ്റത്തിന് വളരെയധികം സഹായകമായി. കാട്ടിലെ മരങ്ങള്‍ മുറിച്ച് മലയടിവാരത്ത് എത്തിച്ചിരുന്നത് ആനത്താരകളിലൂടെ ആയിരുന്നു. കാര്‍ഡമം പ്രദേശങ്ങളിലെ മരങ്ങള്‍ ആദ്യമായി വെട്ടിയെത് കുടിയേറ്റക്കാരല്ല കമ്പംകാരനായ ആങ്കൂര്‍ റാവുത്തരാണ്. അയാള്‍ ഈട്ടി, തേക്ക് തുടങ്ങിയവ വലിയ തോതില്‍ വെട്ടി വെളുപ്പിച്ചു. ആ സ്ഥലമാണ് കുടിയേറ്റക്കാര്‍ കൈവശപ്പെടുത്തിയത്. അതോടെ മരം വെട്ടി വെളുപ്പിച്ചതിന്റെ വഴി കൃഷിക്കാര്‍ക്കായി.
രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി 1946-ല്‍ സര്‍ക്കാര്‍ ഊര്‍ജ്ജിത ഭക്ഷ്യോത്പാദന പദ്ധതിക്ക് രൂപം നല്‍കി.ഇവിടെ കുടിയേറ്റത്തിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നു. അയ്യപ്പന്‍കോവില്‍, അടിമാലി മേഖലയില്‍ 10000 ഏക്കര്‍ വനഭൂമി കര്‍ഷകര്‍ക്ക് പതിച്ചു നല്‍കി.1951 ല്‍ കട്ടപ്പന മേഖലയില്‍ 3000 ഏക്കര്‍ സ്ഥലം (600 അലോട്ടുമെന്റുകള്‍) കൃഷിക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ഹൈറേഞ്ച് കൊളനൈസേഷന്‍ സ്‌കീം അനുസരിച്ച് 1954-55 തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ കാലത്ത് പട്ടം താണുപിള്ള മറയൂര്‍, കാന്തല്ലൂര്‍, ദേവിയാര്‍ കോളനികള്‍ സ്ഥാപിക്കപ്പെട്ടു. പീന്നീട് 1955 ല്‍ കല്ലാര്‍ പട്ടം കോളനി ഉദ്ഘാടനം ചെയ്തു.6860 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള കല്ലാര്‍ പട്ടം കോളനിയില്‍ 1386 ബ്ലോക്കുകളായും, മറയൂരിലെ 220 ഏക്കര്‍ സ്ഥലം 45 ബ്ലോക്കുകളായും, ദേവിയാറില്‍ 246 ഏക്കര്‍ 77 ബ്ലോക്കുകളായും പതിച്ചു നല്‍കി.62-ല്‍ വണ്ടന്‍മേട്, ചക്കുപള്ളം, വില്ലേജുകളിലും 63-ല്‍ കൊന്നത്തടി, കല്‍ക്കൂന്തല്‍ വില്ലേജുകളിലു മായി 15000 ഏക്കര്‍ സ്ഥലം കൂടി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കി. ഇങ്ങിനെയിരിക്കെ ജില്ലയിലെ കുടിയ്യേറ്റത്തെ കൈയ്യേറ്റമെന്നു വിളിക്കുന്നത് വിഡ്ഢിത്തരമാണ്.
ഹൈറേഞ്ച് കൊളനൈസേഷന്‍ പദ്ധതിയെ തുടര്‍ന്ന് 1955-75 കാലഘട്ടത്തില്‍ നെടുംകണ്ടം, കൂട്ടാര്‍, കമ്പംമെട്ട്, അണക്കര, ഇരട്ടയാര്‍, തങ്കമണി, വെള്ളത്തൂവല്‍, എന്നിവടങ്ങളിലെല്ലാം വന്‍തോതില്‍ കുടിയേറ്റം നടന്നു. കുടിയേറ്റം റഗുലറസ് ചെയ്യാനായി ആലോചനകള്‍ തുടങ്ങി. 01-01-1977 വരെയുള്ള കുടിയേറ്റം സര്‍ക്കാര്‍ അംഗീകരിച്ചു. അതിനു ശേഷം നടന്നത് വനം കയ്യേറ്റമായി പരിഗണിക്കപ്പെട്ടു. പക്ഷേ ഫോറസ്റ്റുകാര്‍ അത് ലംഘിച്ച് കര്‍ഷകരെ കുടിയിറക്കാന്‍ തുടങ്ങി. അതിനു് എതിരെ സംഘടിതമായി ചെറുത്ത് നില്പും തുടങ്ങി. അങ്ങിനെയാണ് ഫോറസ്റ്റുകാരുടെ ഒത്താശയോടെ പരിസ്ഥിതി സംഘടനകള്‍ ഉണ്ടാകുന്നത്. അവര്‍ കോടതിയില്‍ സംഘടിതമായി പരാതികള്‍ നല്‍കിയതോടെ കൃഷിക്കാര്‍ വിഷമത്തിലായി. പത്രങ്ങളും ചാനലുകളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ചേര്‍ന്നതോടെ സര്‍ക്കാരും കൃഷിക്കാരെ കൈ ഒഴിഞ്ഞു.ഗാഡ്കില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ ഹൈറേഞ്ചിലെ ജനജീവിതം ദുസ്സഹമാകുമെന്ന് കണ്ടതോടെ കൃഷിക്കാര്‍ ഉണര്‍ന്നു.സമരങ്ങള്‍ക്ക് ഒടുവില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ ചുരുക്കി സര്‍ക്കാര്‍ നിശ്ചയിച്ചു.
ജില്ലയിലെ കുടിയിറക്കിന്റെ ചരിത്രം ആരംഭിക്കുന്നത് 1957-60- ല്‍ കഞ്ഞിക്കുഴി,വാത്തിക്കുടി പഞ്ചായത്തുകളിലാണ്. 1959-ല്‍ ചെമ്പകപാറ, ഈട്ടിത്തോപ്പ്, ചിന്നാര്‍ മേഖലകളിലും കുടിയേറപ്പെട്ടു. 1961 മെയ് രണ്ടിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ ഏറ്റവും വലിയ കുടിയിറക്ക് അയ്യപ്പന്‍കോവിലില്‍ നടന്നു.1964 ല്‍ ചുരുളി – കീരീത്തോട് കൂടിയിറക്ക് നടന്നു. പരിസ്ഥിതി സംഘടനകള്‍ ഹൈ കോടതിയില്‍ തല്‍കിയ പരാതിയെ തുടര്‍ന്ന് 2015ല്‍ മതികെട്ടാനില്‍ കുടി ഒഴിക്കപ്പെട്ടു. വനവും കൃഷിഭൂമിയും തമ്മില്‍ ജണ്ടയിടാത്ത സ്ഥലങ്ങളില്‍ ഫോറസ്റ്റുകാരുടെ തേര്‍വാഴ്ച തുടരുന്നു.
ഇപ്പോള്‍ ഇതാ പട്ടയഭൂമിയിലെ മരങ്ങള്‍ വെട്ടി മുറിച്ച് വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് തല്‍കിയിരുന്ന അവകാശങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.