തൃശ്ശൂർ: അനുയോജ്യ സ്വഭാവമുള്ള എല്ലാ ജലസ്രോതസുകളിലും മത്സ്യകൃഷി വ്യാപിപ്പിക്കണമെന്നും അതിനുള്ള സാമൂഹിക സാഹചര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി സർക്കാർ പൊതുജലാശയങ്ങള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. മത്സ്യകർഷകദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക്തല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് ചുരുങ്ങിയ ജലാശയങ്ങളിൽ നിന്നും കുളങ്ങളും തടാകങ്ങളും ഉൾപ്പെടുന്ന പരമാവധി ജലാശയങ്ങളെ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്ഷ്യമേഖലയിൽ സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ലക്ഷ്യങ്ങളോട് ചേർന്ന് ഭക്ഷ്യവസ്തുക്കൾക്കായി ഇറക്കുമതിയെ ആശ്രയിക്കാത്ത സമ്പൂർണ ഭക്ഷ്യ സ്വയംപര്യാപ്ത സംസ്ഥാനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ നിരവധി ജലസ്രോതസുകളാൽ സവിശേഷമായ നമ്മുടെ സംസ്ഥാനത്ത് മത്സ്യസമ്പത്ത് ഇപ്പോൾ ഉള്ളതിനേക്കാൾ പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ കഴിയണം. ഇരിങ്ങാലക്കുട മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലെയും ജലാശയങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മികച്ച മത്സ്യ കര്‍ഷകരായ ഇ സി ജോൺസൺ, എ വൈ ജെയ്സൺ എന്നിവരെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി കൂനൻമാവ് കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തുടർന്ന് ബ്ലോക്കിലെ അക്വാകൾച്ചർ മത്സ്യകൃഷി വിഭവങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന അക്വാകൾച്ചർ പുസ്തകത്തിന്റ് പ്രകാശനം നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത മനോജ്, സിഎം സാനി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി മാജ ജോസ് സ്വാഗതവും നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി ഡി ലിസ്സി നന്ദിയും പറഞ്ഞു.