തൃശ്ശൂർ: മാളയിൽ മത്സ്യ കർഷക ദിനാചരണം നടത്തി

തൃശ്ശൂർ: മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യ കർഷകരെ ആദരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാള ബ്ലോക്ക് മത്സ്യ കർഷക ദിനാചാരണം സംഘടിപ്പിച്ചു. അഡ്വ വി ആർ സുനിൽ കുമാർ എം എൽ എ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മത്സ്യ സമ്പത്ത് ഉൽപാദനം നടത്തേണ്ടതും വിതരണം ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് എം എൽ എ പറഞ്ഞു. മാള ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ മത്സ്യ കൃഷിക്ക് പ്രോത്സാഹനം നൽകുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ട സഹായവും സഹകരണവും മത്സ്യ കർഷകർക്ക് ഉറപ്പ് വരുത്തുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. 

ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ മത്സ്യ കൃഷിയുടെ വിവരങ്ങളടങ്ങിയ അക്വാകൾച്ചർ റിസോഴ്സ് എന്ന പുസ്തകത്തിന്റെ പ്രകാശനവും എം എൽ എ നിർവഹിച്ചു. ഓരു ജല കൂടു മത്സ്യ കൃഷി കർഷകൻ കെ യു വൈശാഖ്, മിനി സുരേഷ് എന്നിവരെ മൊമെന്റോ നൽകി എം എൽ എ ആദരിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ്‌ ഒ സി രവി, ആളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ ജോജോ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലീന തോമസ്, ബി ഡി ഒ ജയ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →