വണ്ടി പെരിയാര്‍ : വണ്ടിപ്പെരിയാറില്‍ വീടിനുളളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ട ആറുവയസുകാരിയെ മിഠായിയും പലഹാരങ്ങളും വാങ്ങി നല്‍കി പീഡിപ്പിച്ചതായി അയല്‍വാസിയായ പ്രതി അര്‍ജുന്‍ പോലീസിനോട് പറഞ്ഞു. മിക്ക ദിവസങ്ങളിലും കുട്ടിയെ പീഡിപ്പിച്ചിരുന്നതായും ഇയാള്‍ മൊഴിനല്‍കി. അശ്ലീല വീഡിയോകള്‍ പതിവായി കാണുന്ന അര്‍ജുന്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. 2021 ജൂണ്‍ മാസം 30നാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചപ്പോള്‍ കുട്ടി കരഞ്ഞു. ഇതോടെ ഒച്ച പുറത്തുവരാതിരിക്കാന്‍ വായും മൂക്കും പൊത്തിപ്പിടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയാവുകയായിരുന്നു.
എന്നാല്‍ കുട്ടി മരിച്ചുവെന്ന് കരുതിയ അര്‍ജുന്‍ മുറിയില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാള്‍ ഉപയോഗിച്ച കുട്ടിയെ കെട്ടിത്തൂക്കി. കെട്ടിത്തൂക്കുന്നതിനിടയില്‍ പെണ്‍കുട്ടി കണ്ണ് തുറന്നിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടയില്‍ അര്‍ജുന്‍ പോലീസിനോട് സമ്മതിച്ചു. ഷാള്‍ കഴത്തില്‍ മുറുകിയപ്പോള്‍ പിടച്ച് കണ്ണ് പുറത്തേക്ക് തളളിവന്നു. മരിക്കുന്നതുവരെ അര്‍ജുന്‍ അവിടെ കാത്തുനിന്നു. പിന്നാലെ കണ്ണ് തിരുമി അടച്ചശേഷം മുറി അകത്തുനിന്നും പൂട്ടി ജനാലവഴി പുറത്തിറങ്ങി ഒന്നും അറിയാത്തപോലെ കൂട്ടുകാര്‍ക്കൊപ്പം ചേരുകയും ചെയ്‌തു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കുട്ടിയുടെ മരണാനന്തര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത അര്‍ജുന്‍ മരണ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനും പടുത വാങ്ങി കൊണ്ടുവരുന്നതിനും മുന്‍കൈ എടുത്തു. സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും ശേഷവും കുട്ടിയുടെ വേര്‍പാടില്‍ മനം നൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ അന്ന് ഉച്ചക്കുശേഷം അര്‍ജുന്‍ കുട്ടിക്കൊപ്പം ഇരിക്കുന്നത് കണ്ടതായി അയല്‍വാസിയായ യുവതി നല്സകിയ മൊഴിയാണ് അര്‍ജുനിലേക്ക് എത്താന്‍ ഇടയാക്കിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി മാറ്റി മാറ്റി പറഞ്ഞ അര്‍ജുന്‍ നില്‍ക്കകളളിയില്ലാതെ കൊലപാതകം നടത്തിയകാര്യം പോലീസിനോട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് തെളിവെടുപ്പിനായി പ്രതിയെ ചുരക്കുളം എസ്റ്റേറ്റിലെ ലയത്തില്‍ കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ അക്രമാസക്തരായി. ക്ഷുഭിതരായ നാട്ടുകാര്‍ പാഞ്ഞടുത്തതോടെ വേഗം തെളിവെടുപ്പ് പൂത്തിയാക്കി പ്രതിയുമായി പോലീസ് മടങ്ങുകയായിരുന്നു.

